നമ്മൾ ആയിരിക്കുന്ന ജീവിതത്തിനും എത്തിച്ചേരേണ്ട നിത്യജീവിതത്തിനു൦ ഇടയിലൂടെ നമ്മൾ കടന്നു പോകേണ്ട ഒരു അവസ്ഥയാണ് മരണം.
മരണം ശാന്തമായ ഒരു ഉറക്കമാണ് .നിത്യതയിൽ ചെന്ന് കണ്ണ് തുറക്കാനുള്ള ശാന്തമായ ഉറക്കം.
മൃതശരീരങ്ങൾക്ക് മേൽ ആദരസൂചകമായി വയ്ക്കുന്ന റീത്ത് വൃത്താകൃതിയിലാണ്. മറ്റൊരു ആകൃതിയും സാധാരണഗതിയിൽ ഉണ്ടാവാറില്ല .
വൃത്തത്തിന് ആദിയും അന്ധവുമില്ല .ആദിയും അന്ധവും ഇല്ലാതെ നിത്യതയോളം നീണ്ടുനിൽക്കുന്ന മനുഷ്യജീവിതം ,
മരണം വഴി നിത്യതയിലേക്ക് ഉള്ള പ്രവേശനത്തിനു മുമ്പുള്ള ഒരു ശാന്തമായ ഉറക്കത്തിലാഴുന്നു .
“Rest in peace”
സമാധാനത്തിൽ വിശ്രമിക്കുക.
വൃത്താകൃതിയിലുള്ള റീത്ത് ഓർമിപ്പിക്കുന്നതു൦ ആശംസിക്കുന്നതും മനുഷ്യൻെറ നിത്യതയെയും അതിനുമുമ്പുള്ള മരണമാകുന്ന ശാന്തമായ ഉറക്കത്തെയുമാണ്. സെമിത്തേരി അനുഭവം മനുഷ്യന് ഒഴിവാക്കാൻ പറ്റാത്തത് അതുകൊണ്ടുതന്നെയാണ് .
സെമിത്തേരി ഒത്തിരിയേറെ പേരുടെ കണ്ണീരുവീണു കുതിർന്ന ഇടമാണ്. മാതാപിതാക്കളുടെ… മക്കളുടെ…. സഹോദരങ്ങളുടെ…. സ്നേഹിതരുടെ…. സഹപ്രവർത്തകരുടെ…. അങ്ങനെ ഒത്തിരിയേറെ പേരുടെ കണ്ണീര് വീണു കുതിർന്ന മണ്ണിലാണ് നാളെ ഞാനും നീയും അഴുകി ചേരേണ്ടത് .
മനുഷ്യർ തങ്ങളുടെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും തിരികെയെത്താൻ കൊതിക്കുന്ന…
തിരികെ വിളിക്കുന്ന ഇടമാണ് വീട്.
നമ്മൾ ലോകത്തിൽ ജീവിച്ചതിലും ഏറെക്കാലം ശാന്തമായി ഉറങ്ങി വിശ്രമിക്കേണ്ട സെമിത്തേരി നമ്മിൽ ഗ്രഹാതുരത്വം ഉണർത്തണം .
✍🏻Jincy Santhosh