പരിശുദ്ധ അമ്മയുടെ വണക്കത്തിനായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണല്ലോ ശനി? വിവിധകത്തോലിക്കാ ദേവാലയങ്ങളില്‍ മാതാവിനോടുള്ള നൊവേനകളും മറ്റും അര്‍പ്പിക്കപ്പെടുന്നത് ശനിയാഴ്ചയുടെ പ്രത്യേകതയുമാണ്.
ഈശോയുടെയും മാതാവിന്റെയും പക്കല്‍ ദിവസവും ബഹുമാനവും സ്തുതിയും ഹൃദയവും സ്‌നേഹവും അര്‍പ്പിക്കാന്‍ എത്തുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണ് മരിയാനുകരണം രേഖപ്പെടുത്തിയിരിക്കുന്നത്.
മരിയാനുകരണത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്’
ഈശോയുടെയും മറിയത്തിന്റെയും പക്കല്‍ ബഹുമാനവും സ്തുതിയും ഹൃദയവും സ്‌നേഹവും സമര്‍പ്പിക്കാന്‍ ദിവസം തോറും അണയുന്നവന്‍ ഭാഗ്യവാന്‍. അവരെ അന്വേഷിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. ഓ ഈശോയുടെ തിരുനാമത്തില്‍ എന്തുമാത്രം മാധുര്യം. മറിയത്തിന്റെ തിരുനാമം എത്ര ആനന്ദകരം! പിതൃഭവനമായ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരുടെ പരിവാരത്തോടുകൂടെ നമുക്ക് നിത്യസമ്മാനം നല്കുവാന്‍ പ്രതീക്ഷിച്ചിരിക്കുന്ന ഈശോയെയും മറിയത്തെയും ഈ വിപ്രവാസ യാത്രയില്‍ സ്മരിക്കുന്നവന്‍ ഭാഗ്യവാന്‍. ഈ ലോകയാത്രയില്‍ വിശ്രമസ്ഥലം അന്വേഷിക്കാതെ മിശിഹായോടുകൂടെ സ്വര്‍ഗ്ഗത്തില്‍ നിത്യകാലം വാഴുന്നതിന് മാത്രം ആഗ്രഹിക്കുന്ന യാത്രികന്‍ ഭാഗ്യവാന്‍.
സ്വര്‍ഗ്ഗരാജന്റെ മേശയ്ക്കടുത്ത് അപ്പം യാചിച്ചുകൊണ്ടണയുന്ന അഗതികളും ഭിക്ഷുക്കളും ഭാഗ്യമുള്ളവര്‍. സ്ഥിരതയോടെ യാചിച്ചാ്ല്‍ അവിടെനിന്ന് അല്പമെങ്കിലും ലഭിക്കാതിരിക്കയില്ല. ദിവ്യകുഞ്ഞാടിന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെടുന്നവര്‍ ഭാഗ്യമുള്ളവര്‍. ഇതാണ് അള്‍ത്താരയിലെ ദിവ്യവിരുന്നില്‍ ദിനംപ്രതി സംബന്ധിക്കുന്നവരുടെ ഭാഗ്യം. സ്വര്‍ഗ്ഗത്തിലെ നിത്യവിരുന്നിലും അവര്‍ക്ക്പ്രവേശനം പ്രതീക്ഷിക്കാവുന്നതാണ്.
അതെ നമുക്ക് മറിയംവഴി ഈശോയുടെ പക്കലണയാം.