മറിയത്തോടൊപ്പം

പരിശുദ്ധ മറിയത്തിൻ്റെ
സ്ത്രീത്വത്തിൻ്റെയും മാതൃത്വത്തിൻ്റെയും അതുല്യത അപാരമാണ്.

“ഇതാ ഞാൻ കർത്താവിൻ്റെ ദാസി,
നിൻ്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ.” എന്നു പറഞ്ഞു കൊണ്ട്
തൻ്റെ സ്ത്രീത്വത്തെ രക്ഷകൻ്റെ മാതൃത്വത്തിലേയ്ക്ക് അവൾ സമർപ്പിക്കുമ്പോൾ ……….
മറയത്തിൽ ഒരു രണ്ടാം ഹവ്വ പിറക്കുകയായിരുന്നു.

ആദ്യത്തെ ‘സ്ത്രീ ‘ ഹവ്വ പാപത്തെയും
അതിലൂടെ മരണത്തെയും ലോകത്തിലേയ്ക്ക് കൊണ്ടുവന്നെങ്കിൽ…..
രണ്ടാം ഹവ്വയാകുന്ന മറിയം
രക്ഷയെയും ജിവനെയും ലോകത്തിലെത്തിച്ച സ്വർഗ്ഗത്തിൻ്റെ ഗോവണിയാണ്.

തൻ്റെ ഉദരത്തിൽ വളരുന്ന യേശുവിനെ പാപം മൂലം ഞെരുക്കി കളയാതെ ……
വിശുദ്ധിയിൽ ജീവിച്ച് ദൈവവചനത്തെ അവൾ ജീവിതാവസാനം വരെയും അനുസരിച്ചു.

ആഴത്തിലേയ്ക്ക് വീഴാൻ തക്കവിധം
തൻ്റെ അരുമ മക്കൾ
ആത്മ നാശത്തിൻ്റെ തീരം പറ്റി നടക്കുമ്പോഴെല്ലാം ..ഓടിയെത്തുന്ന
പരിശുദ്ധ അമ്മയുടെ കരങ്ങളിലെപ്പോഴും
തൂങ്ങി കിടപ്പുണ്ട് ഒരു ജപമാല.
നരക സർപ്പത്തിൻ്റെ വിഷമെല്ലാം നീക്കി കളയാൻ കഴിവുള്ള ദിവ്യമന്ത്രങ്ങുടെ
രത്‌നഹാരമാണത്.

ജീവിതയാത്രയിലെ ആത്മീയവും ഭൗതികവുമായ ആപത്തുകളിലും സന്ദേഹങ്ങളിലും സഹനങ്ങളിലും മറിയത്തെ അനുസ്മരിക്കുക. അവളുടെ നാമം നിൻ്റെ അധരങ്ങളിൽ സദാ ഉണ്ടായിരിക്കട്ടെ.
അമ്മ മറിയത്തിൻ്റെ സന്നിധ്യം എപ്പോഴും അനുഭവിക്കുവാൻ അവളുടെ കാലടികളെ അനുധാവനം ചെയ്യുക
മറിയത്തെ വിളിച്ചപേക്ഷിച്ചാൽ നീ നഷ്ട ധൈര്യനാകില്ല. അവൾ കൈയ്യിൽ പിടിച്ചിരിക്കുമ്പോൾ നിൻ്റെ കാലിടറുകയില്ല.
ധൈര്യപ്പെടുക. …മറിയം എത്രത്തോളം പരിശുദ്ധയും സമുന്നതയുമായിരിക്കുന്നുവോ ,അത്രത്തോളം സ്നേഹവാത്സല്യവും ശാന്തയും അവൾ തൻ്റെ മക്കളായ നമ്മോടും പ്രദർശിപ്പിക്കുന്നു.

സഭയുടെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും,
വിശുദ്ധ കുർബ്ബാനയും,
പരിശുദ്ധ അമ്മയുമാകുന്ന രണ്ടു തൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു.

“സ്വർഗ്ഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ് .
മറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗ്ഗം തീറെഴുതി കിട്ടിയെന്നുറപ്പിക്കാം.”

✍🏻Jincy Santhosh