മറിയത്തോടൊപ്പം

യഹൂദ സഭ സാക്ഷിപ്പെട്ടകത്തിൽ ന്യായപ്രമാണം അടങ്ങിയ കല്പലകളും,
അഹറോൻ്റ തളിർത്ത വടിയും,
മരുഭൂമിയിൽ വർഷിച്ച മന്നായും,
സൂക്ഷിച്ചിരുന്നതു പോലെ (ഹെബ്ര’ 9:4)
മിശിഹായെ ഉദരത്തിൽ കാത്തു സൂക്ഷിച്ച മറിയത്തിന് ‘ സാക്ഷി പെട്ടകം ‘
( വാഗ്ദാന പേടകം )എന്ന വിശേഷണമുണ്ടായി.

വാഗ്ദാനപേടകം വീണ്ടെടുക്കാനായി യൂദയായിലെ മലഞ്ചെരിവിലൂടെ തിടുക്കത്തിൽ യാത്ര പുറപ്പെട്ട ദാവീദ് രാജാവ്……
യൂദയായിലെ മലഞ്ചെരിവിലൂടെ എലിസബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്ര പുറപ്പെട്ട പരിശുദ്ധ അമ്മ ….

വാഗ്ദാന പേടകത്തിനു നേരെ കൈ നീട്ടി പേടകത്തെ സ്പർശിച്ച ഉസ് സാ ദൈവകോപത്താൽ മരണപ്പെട്ടപ്പോൾ ദാവീദ് പറഞ്ഞു. “എൻ്റെ കർത്താവിൻ്റെ പേടകം എൻ്റെയടുത്തുവന്നാൽ എനിക്കെന്തു സംഭവിക്കും…?” ദാവീദും വാഗ്ദാന പേടകവും മൂന്നു മാസം ഹിത്യനായ ഓബദ് ഏദോമിൻ്റെ വീട്ടിൽ കഴിഞ്ഞു.
(2 സാമുവൽ 6:9 ,11 )
പുതിയ നിയമത്തിലെ വാഗ്ദാന പേടകമായ പരിശുദ്ധ മറിയത്തെ കണ്ടപ്പോൾ എലിസബത്ത് ഉദ്ഘോഷിച്ചു.
“എൻ്റെ കർത്താവിൻ്റെ അമ്മ എൻ്റെയടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്കെവിടെ നിന്ന്?”
മറിയം അവിടെ മൂന്നു മാസം താമസിച്ചു.

ഫിലിസ്ത്യരെ തോല്പിച്ച് കർത്താവിൻ്റെ വാഗ്ദാന പേടകം വീണ്ടെടുത്ത ദാവീദ് വാഗ്ദാന പേടകത്തിനു മുന്നിൽ അർദ്ധനഗ്നനായി നൃത്തം ചെയ്തു.
“ദാവീദ്‌ കര്‍ത്താവിന്റെ മുന്‍പാകെ സര്‍വശക്‌തിയോടും കൂടെ നൃത്തം ചെയ്‌തു. ചണനൂല്‍കൊണ്ടുള്ള ഒരു അരക്ക ച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ.”
( 2 സാമുവല്‍ 6 : 14 )
വാഗ്ദാന പേടകമായ പരിശുദ്ധ അമ്മയുടെ മുന്നിൽ സ്നാപക യോഹന്നാൻ എലിസബത്തിൻ്റെ ഉദരത്തിൽ (നഗ്നനായി) കുതിച്ചു ചാടി നൃത്തം ചെയ്തു.

” മറിയം! നിൻ്റെ സ്തുതികൾ വർദ്ധിപ്പിക്കാൻ എനിക്കെങ്ങനെ കഴിയും?
നീ കളങ്കരഹിതയും അമലോത്ഭവയും മാതാക്കളുടെ മഹത്വവുമാണല്ലോ. പരിശുദ്ധ കന്യകാ മാതാവേ നീ സ്ത്രീകളിൽ അനുഗ്രഹീതയാകുന്നു.
നിൻ്റെ നിഷ്കളങ്കതയും കന്യാത്വവും സ്തുത്യർഹമാണല്ലൊ.
ആദത്തിൻ്റെ ശാപത്തിനു നീ അന്ത്യം കുറിച്ചു.
ഹവ്വയുടെ ബാധ്യത നീ പരിഹരിച്ചു.
നീ നോഹയുടെ പെട്ടകം ആകുന്നു.”
( വി.താരാസിയൂസ് )

യഹോവയുമായി വിവാഹ നിശ്ചയം ചെയ്യപ്പെട്ടിരുന്ന ഇസ്രായേലിനെ പോലെ, പുതിയ നിയമസഭയും ദൈവവുമായുള്ള ഉടമ്പടിയിലാണ്.( 1 കോറി 11:2) അവൾ വിശ്വസ്തയും കന്യകയും മണവാട്ടിയുമാണ്. എന്നാൽ പരിശുദ്ധ മറിയം അതിൽ ഒരു പടി കൂടി മുൻപോട്ട് കടന്നിരിക്കുന്നു. അവൾ മണവാട്ടിയും കന്യകയും അതേ സമയം തന്നെ ദൈവപുത്രൻ്റെ അമ്മയുമാകുന്നു.
മറിയം പരിശുദ്ധയും അമലോത്ഭവയും
സ്വർഗീയ രാജ്ഞിയും സ്വർഗത്തിൻ്റെ വാഗ്ദാന പേടകവുമത്രേ.

രക്ഷാകര ചരിത്രത്തിൻ്റെ അവസാന ഘട്ടത്തിൽ സഭ എന്തായിരിക്കും എന്നതിൻ്റെ മുൻ പ്രതിരൂപം കൂടിയാണ് പരിശുദ്ധ അമ്മ മറിയം.

നമ്മുടെ വിശ്വാസ സത്യങ്ങൾക്ക് തിരുവെഴുത്തുകളിൽ നിന്ന് വ്യക്തതയുണ്ടാകട്ടെ.

✍🏻Jincy Santhosh