മറിയത്തോടൊപ്പം

“നിങ്ങൾ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്..?
(ലൂക്കാ 2 :49)
ജെറുസലേം ദേവാലയത്തിൻ്റെ തിരുമുറ്റത്ത് ..,
പെസഹാ തിരുനാളിൻ്റെ തിരക്കിനിടയിലെപ്പോഴോ …,
താനറിയാതെ കൈവിട്ടു പോയ ആ വിരൽ തുമ്പുകൾ ….
എത്രമാത്രം വേദനിപ്പിച്ചുണ്ടാകും അവളെ…?
മൂന്നുനാൾ നീണ്ട ആകുലതകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ
മകനെ കണ്ടെത്തിയ ആനന്ദത്തിൽ
അവൻ്റെയരികിലേക്ക് ഓടിയെത്തിയപ്പോൾ
അങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല അവൾ……!
തങ്ങളുടേത് മാത്രമായി……
അമ്മയുടെ മടിത്തട്ടിലും വീടിൻ്റെ നടുക്കളത്തിലും ഒതുങ്ങാനവതരിച്ചവനല്ല ലോക രക്ഷകൻ എന്ന മകൻ്റെ നിശ്ബ്ദമായ ഓർമ്മപ്പെടുത്തൽ…….
എന്തും ഹൃദയത്തിൽ സംഗ്രഹിച്ചും ധ്യാനിച്ചും
ജീവിത വഴികളിലെ രുചിക്കൂട്ടുകളറിയുന്ന
അമ്മ മറിയം…..
മകൻ്റെ ചോദ്യത്തിന് മറുവാക്കില്ലാതെ അവൾ കീഴടങ്ങി…!
ദൈവപിതാവിനും മകനും സമർപ്പിതയായവളുടെ മൗനം…..!
മറിയം ഓരോ ജീവിത വേദനകളിലൂടെ
മനസ്സിനെ പാകപെടുത്തി……
അനുഭവങ്ങളിലൂടെ വളരുന്ന ആത്മീയത !
ജീവിത പാതകളിലെ നൊമ്പരങ്ങളുടെ
നെരിപ്പോടുകൾക്ക് സ്വകാര്യതയുടെ മുഖം
അവളിലാണ്‌ കണ്ടതൊക്കെയും……..
ആർക്കും കൊടുക്കില്ലെന്നും ആരെയും അറിയിക്കില്ലെന്നു മൊക്കെ ,
ഒരു കുടുംബത്തിൻ്റെ വേദനകളൊക്കെയും
ഉള്ളിലൊതുക്കിയുള്ള അമ്മമാരുടെ
ശാഠ്യം ……..
സങ്കടങ്ങളുടെ ‘അരിക്കലം’ തിളച്ചു മറിയുമ്പോൾ….
കണ്ണീരുകൊണ്ടു് തീയണച്ച്…
വീടിൻ്റെ അകത്തളങ്ങളിലും,
അടുക്കളയുടെ പുകമറയുള്ളിലുമിരുന്നുള്ള
അമ്മമാരുടെ കണ്ണീരിൻ്റെയും പ്രാർത്ഥനയുടെയും ആകെ തുകയാണ്
എൻ്റെയും നിൻ്റെയും ഈ ജീവിതം
എന്ന് തിരിച്ചറിയുക
വീടിൻ്റെ അകത്തളങ്ങളിലെവിടെയോ…,
അല്ലെങ്കിൽ , പിന്നാമ്പുറത്തിൻ്റെ സ്വകാര്യതയിലെവിടെയോ അമ്മമാരിന്നും
ഇത്തിരി ഇടം സൂക്ഷിക്കാറുണ്ട്.
ആരും കാണാതെ ഒന്നു ഹൃദയം തുറന്ന്
മിഴി നനയ്ക്കാൻ ……!
✍🏻Jincy Santhosh