മാര്‍ ജോസഫ് പവ്വത്തിലിന് നാളെ 92 ാം പിറന്നാള്‍

ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാളെ പിറന്നാള്‍. 92ാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ പവ്വത്തില്‍ രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളോ സന്ദര്‍ശനമോ ഉണ്ടായിരിക്കില്ല.

1930 ഓഗസ്റ്റ് 14 കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍- മേരി ദമ്പതികളുടെ പുത്രനായി ജനിച്ചു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ 1962 മുതല്‍ 1972 വരെ ഇക്കണോമിക്‌സ് അധ്യാപകനായിരുന്നു. 1972 ജനുവരി 29 ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാനായി. 1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപായി 1985 നവംബര്‍ അഞ്ചിന് നിയമിതനായി 21 വര്‍ഷം ശുശ്രൂഷയര്‍പ്പിച്ചു.

1993 മുതല്‍ 96 വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98 വരെ സിബിസിഐ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1990 മുതല്‍ 2013 വരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാനുമായിരുന്നു.

19 പുസ്തകങ്ങളും ഒട്ടനവധി കാലോചിത ലേഖനങ്ങളും മാര്‍ പവ്വത്തില്‍ രചിച്ചിട്ടുണ്ട്. നാളേക്കുവേണ്ടി മതം രാഷ്ട്രം രാഷ്ട്രീയം എന്നതാണ് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകം.