മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

വത്തിക്കാൻ: മാർപ്പാപ്പയുടെ വത്തിക്കാൻ ലൈബ്രറിയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച്ച. കാലാവസ്ഥ വ്യതിയാനം, ദാരിദ്ര നിർമ്മാർജ്ജനം തുടങ്ങിയ നിർണ്ണായക കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ മനുഷ്യന് ജീവിക്കാനാവശ്യമായ എല്ലാക്കാര്യങ്ങളും ഇന്ത്യയിൽ ഒരുക്കണമെന്നതും മാർപ്പാപ്പയുടെ സംസാര വിഷയമായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ ‘ലോക ഫാർമസി’ എന്നു വിശേഷിപ്പിച്ചയാളാണ് ഫ്രാൻസിസ് മാർപാപ്പ.
1999 ലാണ് അവസാനമായി ഒരു മാർപ്പാപ്പ ഇന്ത്യയിലെത്തിയത്. പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ എന്നീ മാർപ്പാപ്പാമാരാണ് ഇതിനു മുൻപ് ഇന്ത്യയിലെത്തിയത്. മാർപ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഒന്നേകാൽ മണിക്കൂർ നീണ്ടു നിന്നു. ഉത്തരേന്ത്യയിൽ ക്രൈസ്തവർ അനുഭവിക്കുന്ന ആക്രമണങ്ങളിൽ മാർപ്പാപ്പ ആശങ്കയറിയിച്ചു.
ലോക സമാധാനത്തിന്റെ വക്താവായ ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കണമെന്നത് 2014 മുതൽ കത്തോലിക്കാ സഭയുടെ ആവശ്യമായിരുന്നു.