യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ഇന്ന്

വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു. G
20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തുന്ന ബൈഡൻ ഇന്നു വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാർപ്പാപ്പയെ കാണും. മാർപ്പാപ്പയുടെ ലൈബ്രറിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച.
അതേസമയം, കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം ഉണ്ടാകില്ലെന്നു വത്തിക്കാന്‍ ഇന്നലെ അറിയിച്ചു. യുഎസിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡൻ നാലാം തവണയാണു മാർപ്പാപ്പയെ കാണുന്നത്. പ്രസിഡന്റായശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഉച്ചകോടിക്കായി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഇന്നു മാർപ്പാപ്പയെ കാണുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡൻ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡൻ. ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്മാരില്‍ നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രസിഡന്‍റാണ് ജോ ബൈഡൻ.