വഴി

മംഗളവാര്‍ത്താക്കാലം

പതിനഞ്ചാം ദിവസം

വഴി

അക്കാലത്ത് സ്‌നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ നിന്നു വന്നു പ്രസംഗിച്ചു….അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ച് അവനില്‍ നിന്ന് സ്‌നാനം സ്വീകരിച്ചു. ( മത്താ: 3; 1-6)

വഴികള്‍ എല്ലാം ലക്ഷ്യത്തിലേക്കുള്ളവയാണ്. എന്നാല്‍ എല്ലാ വഴികളും നേരെയുളളവയല്ല. വളഞ്ഞ വഴികളുണ്ട്. കുറുക്കുവഴികളുണ്ട്. എളുപ്പവഴികളുണ്ട്. ഒരു പക്ഷേ എല്ലാ വഴിയിലൂടെയും നമുക്ക് ലക്ഷ്യത്തിലെത്തിച്ചേരാമായിരിക്കാം. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്നാണല്ലോ നമ്മുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഏതു വഴിയിലൂടെയാണെങ്കിലും ലക്ഷ്യത്തിലെത്തിയാല്‍ മതിയെന്നാണ് പൊതു മട്ട്. പക്ഷേ ക്രിസ്ത്യാനിക്ക് എല്ലാ വഴികളും പഥ്യമല്ല. എല്ലാ വഴികളിലൂടെയും സഞ്ചരിക്കേണ്ടവരല്ല അവര്‍. നേരായ വഴി. അതാണ് ക്രൈസ്തവന്റെ വഴി. പക്ഷേ എന്തുചെയ്യാം പിന്നിട്ടു വന്ന ജീവിതയാത്രയില്‍ നമുക്ക് എവിടെയൊക്കെയോ വഴിതെറ്റിയിട്ടുണ്ട്. ഇടറിപ്പോയ ചുവടുകളെക്കാള്‍ തെറ്റിപ്പോയ വഴികളായിരിക്കും കൂടുതലും. ലക്ഷ്യത്തെ മാത്രം മുന്നില്‍ കണ്ട് നേടിയെടുത്ത വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ വളഞ്ഞ വഴികളുണ്ടായിരുന്നുവോയെന്ന് ആത്മശോധനയ്ക്കുള്ള സമയമാണ് ഇത്. അതോടൊപ്പം വഴികള്‍ നേരെയാക്കാനുള്ള അവസരവും. വഴികള്‍ നേരെയാക്കുക. എല്ലാം ശരിയാകും
വിഎന്‍.