വാക്കുകൾ

ദൂതൻ അവളോടു പറഞ്ഞു.
” മറിയമേ, നീ ഭയപ്പെടേണ്ട.
ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു.”
( ലൂക്കാ 1:30 )

അപരൻ്റെ ജീവിതത്തിൽ…
ഉണർവ്വിൻ്റെ പൂത്തിരി കത്തിക്കാനും
അതുപോലെ തന്നെ …..
അവനിലെ പ്രകാശത്തെ തല്ലിക്കെടുത്താനും വാക്കിനോളം ശക്തമായത് ഒന്നുമില്ല.

വാക്കുകൾക്ക് രണ്ട് സ്വഭാവമുണ്ട്.
അവ ജീവിതത്തിന് സമൃദ്ധിയുടെ പ്രസരിപ്പും,
അതുപോലെ
അനവസരോചിതമായ വാക്കുകൾ നിരുത്സാഹിയുടെ മുഷിപ്പും നൽകുന്നു.

കടന്നു പോകുന്ന മനുഷ്യരേക്കാൾ…..
പറഞ്ഞു വച്ച വാക്കുകൾക്ക് ദീർഘായുസുണ്ട്.
ഓർക്കണം… ചില വാക്കുകൾ ജീവിതഗതിയെ മാറ്റിമറിക്കുന്നതാണ്.

നിൻ്റെ വാക്കുകളാൽ തന്നെ നീ നീതീകരിക്കപ്പെടും എന്ന ക്രിസ്തു മൊഴി
മറക്കാതിരിക്കാം

സകലവും നഷ്ടപ്പെട്ടതിൻ്റെ ഇരുളടഞ്ഞ ജീവിതം നയിക്കുന്നവനോട് ,
നിനക്കു താങ്ങായി ഞാനുണ്ടന്ന് പറയാനൊരാളുണ്ടായാൽ …. പ്രത്യാശയിലേയ്ക്ക് അവൻ മടങ്ങി വരും.

മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും
ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടി വരും എന്ന് വചനം പഠിപ്പിക്കുന്നു.

വാക്കുകളാൽ ആരെയും മുറിപ്പെടുത്തരുത്.
ശപിക്കുകയുമരുത്.
അനുഗ്രഹ വചനങ്ങൾ ഉരുവിടുക.
പണിതുയർത്താനും നട്ടുവളർത്താനും ഉപകരിക്കുന്ന കൃപയുടെ വാക്കുകളായിരിക്കട്ടെ നിൻ്റെത്.

അപരൻ്റെ സഹന വേളകളിൽ
നിൻ്റെ ചുണ്ടിൽ ആശ്വാസത്തിൻ്റെ ….
സമാധാനത്തിൻ്റെ ദൂത്
തത്തിക്കളിക്കുമ്പോൾ…..
നീയുമൊരു മാലാഖയായി മാറുന്നു.
സ്വർഗത്തിൻ്റെ ദൂതറിയിക്കുന്ന മാലാഖ.

✍🏻Jincy Santhosh