റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ വൈകുന്നേരം 5.00) തന്നോടൊപ്പം എല്ലാ ക്രൈസ്തവരെയും ഫ്രാൻസിസ് മാർപ്പാപ്പ ക്ഷണിച്ചത് ലോകം മുഴുവൻ വലിയ വാർത്തയായി.
എന്തുകൊണ്ടാണ് ഈ ക്ഷണത്തിനു വലിയ വാർത്താ പ്രാധാന്യം കൈവന്നത്?
1917 ജൂലൈ 13 നു ഫാത്തിമയിലെ ഇടയ ബാലകരായ ലൂസിയ, ജസീന്ത, ഫ്രാൻസിസ്‌കോ എന്നിവർക്ക് പ്രത്യക്ഷയായ പരിശുദ്ധ ‘അമ്മ അവർക്കു നൽകിയ രണ്ടാമത്തെ സന്ദേശത്തിലാണ് നിരീശ്വര വാദത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന സോവിയറ്റ് റഷ്യ എന്ന രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമർപ്പിച്ചു കൊണ്ട് മാർപ്പാപ്പ, എല്ലാ ബിഷപ്പുമാരോടും ചേർന്ന് പ്രാർത്ഥിക്കണമെന്നും എല്ലാ ആദ്യ ശനിയാഴ്ചകളിലും ഇതിൻറെ സ്മരണ പുതുക്കണമെന്നും അറിയിച്ചത്. അപ്രകാരം ചെയ്താൽ നിരീശ്വരവാദവും നശീകരണ പ്രവണതയും ഉപേക്ഷിച്ചു റഷ്യ മനസാന്തരപ്പെടുമെന്നും എന്നാൽ അങ്ങനെ ചെയ്യാത്ത പക്ഷം തെറ്റായ സിദ്ധാന്തങ്ങൾ ലോകമെങ്ങും പ്രചരിക്കപ്പെടുമെന്നും യുദ്ധങ്ങളും സഭാ പീഡനങ്ങളും ലോകമെങ്ങും നടക്കുമെന്നും പരിശുദ്ധ ‘അമ്മ അവർക്കു മുന്നറിയിപ്പ് നൽകി.
ഇതിൽ സിസ്റ്റർ ലൂസിയയ്ക്ക് 1929 ജൂൺ 13 നും 1931 ഓഗസ്റ്റിലും സോവിയറ്റ് യൂണിയനെ വിമല ഹൃദയത്തിനു സമർപ്പിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചു കൊണ്ട് പരിശുദ്ധ ‘അമ്മ വീണ്ടും സന്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
1942 ഒക്ടോബർ ഒന്നിന് പിയൂസ് പന്ത്രണ്ടാമൻ പാപ്പയും 1964 നവംബർ ഒന്നിന് പോൾ ആറാമൻ പാപ്പയും 1982 മെയ് പതിമൂന്നിന് ജോൺ പോൾ രണ്ടാമൻ പാപ്പായും വിമല ഹൃദയ പ്രതിഷ്ഠകൾ നടത്തിയെങ്കിലും അവയൊന്നും ഫാത്തിമ സന്ദേശത്തിലെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നില്ല.
എന്നാൽ 1984 മാർച്ചു 25 നു വി. ജോൺ പോൾ രണ്ടാമൻ പാപ്പാ വത്തിക്കാനിലെ സെൻറ്. പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് ലോകം മുഴുവനുമുള്ള ബിഷപ്പുമാരോടും ചേർന്ന് ഒരേ സമയം സോവിയറ്റ് റഷ്യയെയും ലോക സമാധാനത്തിനു ഭീഷണിയായ മറ്റു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിച്ചു ഫാത്തിമ സന്ദേശത്തിലെ നിർദേശങ്ങൾ പൂർത്തിയാക്കിയതായി വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക രേഖ ചൂണ്ടിക്കാണിക്കുന്നു. തുടർന്നുണ്ടായ സംഭവങ്ങളുടെ ഫലമായി 1991 ഡിസംബർ 25 നു സോവിയറ്റ് പതാക താഴുകയും പരിശുദ്ധ ‘അമ്മ പറഞ്ഞതുപോലെയുള്ള സമാധാനം ലോകമെങ്ങും വ്യാപിക്കുകയും ചെയ്തു.
ഇന്ന് റഷ്യ വീണ്ടും യുദ്ധ ഭീഷണി മുഴക്കുമ്പോൾ ആ രാജ്യത്തിൻറെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള പരിശുദ്ധ അമ്മയുടെ നിർദേശങ്ങൾക്കും മുന്നിൽ തല കുനിക്കുകയാണ് കത്തോലിക്കാ തിരുസഭ, മറ്റൊരു മാർച്ച് 25 നു നടക്കുന്ന ഈ വിമല ഹൃദയ പ്രതിഷ്ഠയിലൂടെ. പരിശുദ്ധ പിതാവിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ തിരുക്കർമ്മത്തിൽ ഒരേ സമയം എല്ലാ ബിഷപ്പുമാരും സഹ കാർമ്മികരാവുന്നു.
പരിശുദ്ധ ‘അമ്മ ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട കാലത്തു നടന്ന ഒന്നാം ലോക മഹായുദ്ധം ഉടൻ അവസാനിക്കുമെന്നും എന്നാൽ ആ സന്ദേശങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ മറ്റൊരു മഹാ യുദ്ധം അടുത്ത മാർപ്പാപ്പയുടെ കാലത്തു തന്നെ നടക്കുമെന്നും ‘അമ്മ പറഞ്ഞത് അത് പോലെ തന്നെ സംഭവിച്ചു. ഫാത്തിമ സന്ദേശങ്ങളുടെ കാലിക പ്രസക്തിയും ചരിത്ര പൂർത്തീകരണവും കണ്മുന്നിൽ നിൽക്കുമ്പോൾ നമുക്കും പരിശുദ്ധ പിതാവിനോടും പാപ്പാ എമിരുത്തൂസ് ബെനഡിക്റ്റ് പതിനാറാമാനോടും എല്ലാ ബിഷപ്പുമാരോടും ഒന്നിച്ചു ചേർന്ന് ദൈവഹിതം നിറവേറണമെന്നു പ്രാർത്ഥിക്കാം.
by Sijo Thaliyath