വിശ്വാസം

പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്‌.
(യാക്കോബ്‌ 2 : 17 )

പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നവന് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല മറിച്ച്,
മനുഷ്യൻ്റെ പ്രവൃത്തിയുടെ ഫലം അവന് ആവശ്യമായിരുന്നു.

താൻ അധികം സ്നേഹിച്ചിരുന്ന ലാസറിനെ ക്രിസ്തു ഉയർപ്പിക്കുന്നതിന് മുമ്പ് ,
കല്ലറക്ക് ചുറ്റും നിന്നവരോട് ആവശ്യപ്പെട്ടത് കല്ലറ മറച്ചിരിക്കുന്ന കല്ലെടുത്ത് മാറ്റുവാനാണ്.
കേട്ടു നിന്നവർ തങ്ങളുടെ വിശ്വാസം അനുസരണത്തിലൂടെ പ്രാവൃത്തികമാക്കിയപ്പോൾ ലാസർ ഉയിർപ്പിക്കപ്പെടുന്നു.

അന്ധനു കാഴ്ച്ച നൽകുന്നതിനു മുമ്പ് ,
പോയി ശീലോഹാ കുളത്തിൽ കണ്ണുകൾ കഴുകി വരാനാണ് ക്രിസ്തു ആവശ്യപ്പെട്ടത്.
(യോഹന്നാൻ 9:7)

സർവ്വ ശക്തൻ്റെ അത്ഭുതങ്ങളിലും അവിടുന്ന് മനുഷ്യൻ്റെ വിശ്വാസത്തിനൊത്ത പ്രവൃത്തികൾ ആഗ്രഹിക്കുന്നു.

ആത്മീയ ജീവിതത്തിൽ അനുദിനം വളരുന്ന ഒരു വിശ്വാസി തൻ്റെ പ്രാർത്ഥനകളിലും പരിഹാര ഭക്താഭ്യാസങ്ങളിലും മാത്രമല്ല പ്രവൃത്തികളിൽ കൂടി ക്രിസ്തുവിനു സാക്ഷ്യം നൽകണം.
ആത്മ ശരീര വിശുദ്ധീകരണത്തിന് നാവിൻ്റെ നിയന്ത്രണം തന്നെ പ്രധാനം.
നാവിനെ നിയന്ത്രിക്കാൻ കഴിയാത്ത ‘ദൈവഭക്ത ‘ൻ്റെ വിശ്വാസം കപടമാണ്.

വിശ്വാസം പ്രവൃത്തികളിൽ പ്രകടമാകുമ്പോൾ ജീവിതത്തിൽ നൊമ്പരങ്ങൾ ഉണ്ടാകാനിടയുണ്ട്.
നിൻ്റെ സമയവും സമ്പത്തും കഴിവുകളുമെല്ലാം അപരനുമായി പങ്കിടുമ്പോൾ ….,
വിശക്കുന്ന വയറുകൾക്കു മുമ്പിൽ നിൻ്റെ ഭക്ഷണത്തിൻ്റെ പാതി പകുത്തു നൽകുമ്പോൾ ….,
സഹജരിലെ വേദനകൾക്കും രോഗങ്ങൾക്കും ഇടയിൽ സ്വാന്തനമായി നിൻ്റെ സാന്നിധ്യം ഉണ്ടാവുമ്പോൾ…

തിരിച്ചറിയുക,
നിന്നിലെ വിശ്വാസം സർവ്വ ശക്തനൊത്ത പ്രവൃത്തികളിലേക്ക് നടന്നടുക്കുകയാണ്.

✍🏻Jincy Santhosh