“നീ ദൈവപുത്രൻ ആണെങ്കിൽ കല്ലുകൾ അപ്പം ആകാൻ പറയുക” (മത്തായി 4 :3) “നീ ദൈവപുത്രൻ ആണെങ്കിൽ താഴേക്ക് ചാടുക”( മത്തായി 4 :6)
“നീ ദൈവപുത്രൻ ആണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരുക” (മത്തായി 27: 40)
അവൻ ദൈവപുത്രൻ അല്ലെങ്കിൽ പിന്നെ ആരാണ്…?
എന്നിട്ടും ക്രിസ്തു ഈ വെല്ലുവിളികളെ നേരിട്ട വിധമാണ് നാം ധ്യാനിക്കേണ്ടത് .
മനുഷ്യനെ നിരന്തരം പുളകം കൊള്ളിക്കുന്ന ചിലത് നിരന്തരം ചെയ്തെങ്കിലേ ദൈവം ദൈവം ആകൂ എന്ന് തോന്നൽ ഈ തലമുറയുടെ ആത്മീയ പൊള്ളത്തരവും അജ്ഞതയും വെളിവാക്കുന്നു .ഈ പ്രലോഭനത്തിന് മനുഷ്യനോളം പഴക്കമുണ്ട് .പണ്ട് ഇസ്രായേലിന് ദാഹിച്ചപ്പോൾ ദൈവശക്തി പ്രകടിപ്പിക്കാൻ അവർ കലഹിച്ചു.ദൈവം ദൈവമാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളിയായിരുന്നു അത് .കർത്താവ് ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ വെല്ലുവിളിച്ചുകൊണ്ട് അവർ കർത്താവിനെ പരീക്ഷിച്ചു .
(പുറപ്പാട് 17 :7)
ശത്രു വെല്ലുവിളി മുഴക്കിയപ്പോൾ കുരിശിൽ നിന്നിറങ്ങാത്ത ക്രിസ്തു ശത്രു താഴിട്ട് പൂട്ടി കാവൽക്കാരെ നിർത്തിയിട്ടും കുഴിമാടം ഭേദിച്ച് പുറത്തുവന്നു എന്നതും മറക്കരുത് .
പരീക്ഷിച്ച് ദൈവത്തിൻെറ ഗുണമേന്മ നിശ്ചയിക്കുമ്പോൾ ദൈവത്തേക്കാൾ ഉയർന്ന പീഠത്തിലാണ് മനുഷ്യൻ എന്നോർക്കുക .ഒപ്പം കുരിശിലെ ദൈവം മനുഷ്യന്റെ ദൈവ സങ്കൽപ്പങ്ങളെ വിഡ്ഢിത്തമാക്കിയെന്നും ഓർക്കുക .
കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും താൻ ആരെന്ന് തെളിയിക്കാനുള്ള തിടുക്കത്തിലാണ് മനുഷ്യൻ .നീ ആരെന്ന് തെളിയിക്കേണ്ടത് നിന്നെ അയച്ചവൻ കൂടിയാണെന്ന് ഓർക്കുക. വിലകുറഞ്ഞ ഭീഷണികളിൽ നിൻെറ വിശുദ്ധി തകർത്തു കളയരുത് .
✍🏻Jincy Santhosh