ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്,
തൻ്റെ പുത്രധർമ്മം നിറവേറ്റാൻ
പിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്.
(ലൂക്കാ 9 )
ക്രിസ്തുവിൻ്റെ സുവിശേഷം
നിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി സ്വീകരിക്കുക അത്ര എളുപ്പമല്ല.
പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും സർവ്വശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുന്നുവെന്നു പറയുന്നവൻ,
ഉറ്റവരെ മറന്നും ഉടയവനെ പിഞ്ചെല്ലണം.
തൻ്റെ തിടുക്കമാർന്ന ശിഷ്യത്വത്തിന് ക്രിസ്തുവിൻ്റെ മുൻപിൽ ആ യുവാവ് പരാജയപ്പെട്ടു.
വിശുദ്ധിയെന്നാൽ കല്പനകൾ പാലിക്കുക എന്നു മാത്രം തെറ്റിദ്ധരിച്ചവർക്ക് പറ്റിയ അബദ്ധമാണിത്.
ദൈവഹിതം നിറവേറ്റാൻ ആഗ്രഹത്തിനൊത്ത ആവേശം മാത്രം പോരാ…..അനുതാപത്തിനൊത്ത ആത്മസമർപ്പണം കൂടി ആവശ്യമാണ്.
ലോകത്തിൻ്റെ നശ്വരതകളെ സ്നേഹിക്കുന്നവന് ദൈവഹിതം തിരിച്ചറിയുക ക്ലേശകരമാണ്.
ക്രിസ്തു തൻ്റെ പരസ്യ ജീവിതം ലോകത്തോട് ചേർന്ന് ജീവിച്ചത് കേവലം മൂന്നു വർഷം മാത്രമാണ്.
മുന്നൂറു മൈലിൽ താഴെ മാത്രമേ അവൻ യാത്ര ചെയ്തിട്ടുള്ളൂ.
വളരെ കുറച്ച് പേരെ മാത്രമേ അവൻ കണ്ടുമുട്ടിയിട്ടുള്ളൂ.
എങ്കിലും…, ദൈവഹിതം പൂർണ്ണതയിൽ നിറവേറ്റി.
ജീവിതത്തിൻ്റെ ദൈർഘ്യമോ, പ്രവൃത്തികളുടെ വലുപ്പമോ ,
ബന്ധങ്ങളുടെ കടമകളോ ഒന്നും ദൈവഹിതത്തിൻ്റെ മാനദണ്ഡങ്ങളല്ല.
ശിഷ്യത്വത്തിൻ്റെ മൂല്യം നിശ്ചയിക്കുന്നത് വിളിച്ചവനോടുള്ള വിശ്വസ്തതയിൽ
നീ നിലനിന്നോ എന്നതിലാണ്.
“നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ.
ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല.”
( 2 പത്രോസ് 1 :10 )
യേശുവി൯െറ അത്ഭുതപ്രവർത്തികൾ കണ്ടു വിസ്മയപ്പെട്ട നിയമജ്ഞൻ യേശുവിനോട് പറഞ്ഞു. “നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ അനുഗമിക്കും “
(മത്തായി 8 :19)
കുറുനരികൾക്കു മാളങ്ങ ളും ആകാശപറവകൾക്കു കൂടുകളും ഉണ്ടെങ്കിലും തനിക്ക് തലചായ്ക്കാൻ ഇടമില്ലെന്ന് ക്രിസ്തുവിൻെറ മറുപടി .
പറയാതെ പറഞ്ഞ ഒരു ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് …..
പുറംമോടി കണ്ടിട്ട്…. ക്രിസ്തുവിൻെറ അത്ഭുതങ്ങൾ കണ്ടിട്ട് …അവനെ അനുഗമിക്കുന്ന ആളുകളുടെ എണ്ണ൦ കണ്ടിട്ട് ……
ഒരാവേശത്തിന് നീ ക്രിസ്തുവിനെ അനുഗമിക്കരുത്.
ഗത് സമനിയിൽ നൊമ്പരത്തീയിൽ ചോര വിയർക്കുന്ന …..
ഉറ്റ വരാൽ ഒറ്റി കൊടുക്കപ്പെടുന്ന…., പീലാത്തോസി൯െറ കൊട്ടാരമുറ്റത്തു കിടന്ന് അടിയേറ്റ് പിടയുന്ന… മനുഷ്യരാൽ അവഹേളിക്കപ്പെട്ട് തെരുവീഥിയിൽ വലിച്ചിഴക്കപ്പെടുന്ന …
ലോകത്തിനു മുൻപിൽ കാൽവരിയിൽ വെച്ച് നഗ്ന നാക്കപടുന്ന ….,
കുരിശിൻെറ മാറിൽ ഏകനായി കിടന്നു തന്നെ ഉപദ്രവിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചു നിലവിളിക്കുന്ന….,
അവസാന തുള്ളി രക്തവും തന്നെ ഭരമേൽപ്പിച്ചവരുടെ രക്ഷയ്ക്ക് വേണ്ടി സമർപ്പിക്കുന്ന …… ശിഷ്യത്വത്തി൯െറ രാപകലുകൾ കണ്ടിട്ടേ
നീ ദൈവ ശുശ്രൂഷയ്ക്ക് പുറപ്പെടാവൂ.
✍🏻Jincy Santhosh