ശ്രവണം

മംഗളവാര്‍ത്താക്കാലം

മൂന്നാം ദിവസം

അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ തന്റെ പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം അയ്ക്കാന്‍ തുടങ്ങി…… അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി.( മര്‍ക്കോ 6;7-13)

ഒരു വ്യക്തിയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നതിന്റെ പ്രകടമായ തെളിവ് എന്താണ്? അയാളെ കേള്‍ക്കാന്‍ സന്നദ്ധനാകുക എന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. പറയുന്നത് കേള്‍ക്കുന്നതുപോലെ തന്നെ അതിനെ അനുസരിക്കാനും തയ്യാറാവുമ്പോള്‍ ആദരവ് സ്‌നേഹത്തിലേക്ക് വളരുകയാണ് ചെയ്യുന്നത്.

ശിഷ്യന്മാരെ അയ്ക്കുമ്പോള്‍ ക്രിസ്തു പറയുന്നതും ഇക്കാര്യം തന്നെയാണ്. നിങ്ങളെ അവര്‍ സ്വീകരിക്കണം, ശ്രവിക്കണം.രണ്ടിനും വിസമ്മതം പറയുന്നുവെങ്കില്‍ കാലിലെ പൊടി തട്ടിക്കളയണം.

കേള്‍ക്കുന്നതുകൊണ്ടു മാത്രം ഒന്നും പൂര്‍ണ്ണമാകുന്നില്ല, അനുസരിക്കാന്‍ കൂടി തയ്യാറാകുമ്പോഴാണ് കേള്‍വി പൂര്‍ണ്ണമാകുന്നത്. അതായത് ശ്രവണം പ്രവൃത്തിപഥത്തിലെത്തണം. ജീവിതത്തില്‍ നാം പല നല്ല കാര്യങ്ങളും കേള്‍ക്കുന്നുണ്ട്. പക്ഷേ അവയില്‍ എത്രമാത്രം നാം പ്രവൃത്തിപഥത്തിലെത്തിക്കുന്നുണ്ട്..അനുസരിക്കുന്നുണ്ട്?

പാഴായിപ്പോയ എത്രയോ വചനങ്ങള്‍ കൊണ്ടാണ് നാം ഓരോ ദിവസവും കടന്നുപോകുന്നത്. കാതുകളില്‍ വന്നുവീഴുന്ന വചനങ്ങളെ നാം എത്രത്തോളം ജീവിതത്തിലേക്ക് സ്വീകരിക്കുന്നുണ്ട്?

ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് നാം അവകാശപ്പെടുകയും എന്നാല്‍ അവന്റെ വാക്കുകളില്‍ നിന്ന് അകന്നുജീവിക്കുകയും ചെയ്യുന്ന രീതിയല്ലേ നാം പുലര്‍ത്തിപ്പോരുന്നത്? ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവിടുത്തെ വാക്കുകളും നാം അനുസരിക്കണം. അങ്ങനെയൊരു ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാവാന്‍ ഈ ആഗമനകാലം സഹായിക്കട്ടെ.
വിഎന്‍