സല്‍പ്രവൃത്തികള്‍ സ്വര്‍ഗ്ഗം നേടിത്തരുമെന്ന് അമേരിക്കയിലെ പാതിയിലേറെ ആളുകള്‍ വിശ്വസിക്കുന്നതായി സര്‍വ്വേ. അമേരിക്കന്‍ വേള്‍ഡ് വൈഡ് ഇന്‍വെന്ററി 2020 സര്‍വ്വേയാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. അരിസോണ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയിലെ കള്‍ച്ചറല്‍ റിസേര്‍ച്ച് സെന്ററാണ് സര്‍വ്വേ സംഘടിപ്പിച്ചത്. ക്രൈസ്തവരെന്ന് അവകാശപ്പെടുന്ന 52 ശതമാനം ആളുകളും വിശ്വസിക്കുന്നത് സല്‍പ്രവൃത്തികളില്‍ അധിഷ്ഠിതമായ ജീവിതം ദൈവത്തിന് സ്വീകാര്യമാവുമെന്നും സ്വര്‍ഗ്ഗപ്രാപ്തി അതിലൂടെ ലഭിക്കുമെന്നുമാണ്. 46 ശതമാനത്തിന്റെ വിശ്വാസം പാപങ്ങള്‍ ഏറ്റുപറയുകയും ക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറയുകയും ചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നാണ്. 54 ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് മരണശേഷം തങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും എന്നു തന്നെയാണ്. രണ്ടു ശതമാനം പറയുന്നത് തങ്ങള്‍ നരകത്തില്‍ പോകുമെന്നാണ്.