സഹനം ഒരു വലിയ പാഠശാലയാണ്.

അവിടെ നമ്മെ ഇടിച്ചു പൊടിച്ചും, തല്ലിച്ചതച്ചും, ഊതി തെളിച്ചും ഉരുക്കി വാർത്തും ഒരു പുതിയ സൃഷ്ടിയാക്കുന്നു.
മുറിവേറ്റ കുഞ്ഞാട് ഇടയനോടെന്ന പോലെ സഹനം നമ്മെ ദൈവത്തോടടുപ്പിക്കും.
ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടികൊടുക്കാതെ ഓടുന്നതിനിടയിൽ….
ഈ ആയുസ്സിൻ്റെ അർത്ഥവും നിയോഗവും വിശുദ്ധിയുമൊക്കെ നശിച്ചുപോകും.
ഉയിരേകിയവൻ്റെ ഉയിരായി മാറും വരെ ഉടയവനാൽ ഉരുക്കിവാർക്കപ്പെടണം ഓരോ ജീവിതവും.
” അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം”
( 1 പത്രോസ് 1 : 7 )
തീയിലെറിയാതെ സ്വർണം മാറ്റുള്ള താകില്ല. ശുദ്ധീകരിക്കപ്പെടാതെ മനുഷ്യൻ അമൂല്യനുമാകില്ല.
എല്ലാ വിശുദ്ധ സ്നേഹത്തിലും ഒരു സഹന മുണ്ട്. വിശുദ്ധ മദർ തെരേസ പറയുന്നത് “സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തിൽ നിങ്ങളെത്തി എന്നതിൻ്റെ അടയാളമാണ്. ” എന്നാണ്.
കടലിന് മണലുകൊണ്ട് അതിർത്തി നിശ്ചയിച്ചു വച്ചിരിക്കുന്ന ദൈവം നിൻ്റെ സഹനത്തിനും അതിരു വച്ചിട്ടുണ്ട്.
സഹനം രക്ഷാകരമാകുന്നത്
രക്ഷകൻ്റെ കുരിശിൻ്റെ ലക്ഷ്യവും
നിൻ്റെ സഹനത്തിൻ്റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ്.
” സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു ;
സഹനത്തിൻ്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും.”
( പ്രഭാഷകൻ 2 : 5 )
Jincy Santhosh