സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങുന്നതിന് കുഴപ്പമില്ല, പള്ളിയില്‍ പോയി ഒലിവ് ഓയില്‍ വെഞ്ചരിച്ചാല്‍ പിന്നെ എന്താണ് പ്രശ്‌നം?

കോവിഡ് 19 സംഹാരതാണ്ഡവമാടിയ ഇറ്റലിയില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മാര്‍ച്ച് എട്ട് മുതല്ക്കാണ് ഇവിടെ ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചത്. സഭാശുശ്രൂഷകളെ സംബന്ധിച്ച് ഏ്റ്റവും അധികം ലോക്ക് ഡൗണ്‍ ബാധിച്ചിരിക്കുന്നത് ഇറ്റലിയെ ആണെന്നും പറയാം. സഭാധികാരികള്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശത്തോട് അനുകൂലിച്ചതിന്റെ പേരില്‍ ദു:ഖശനിയാഴ്ച പ്രധാനമന്ത്രി ഗ്വിസെപ്പെ ഇറ്റലിയിലെ മെത്രാന്‍സംഘത്തിന് നന്ദി അറിയിച്ച് കത്തെഴുതിയിരുന്നു. എന്നാല്‍ ഈ അടുത്തദിവസങ്ങളിലായി ലോക്ക് ഡൗണിന്റെ കാര്യത്തില്‍ ഇറ്റലി ഇളവ് വരുത്തിത്തുടങ്ങിയിട്ടുണ്ട്. സ്‌റ്റേഷനറി ഷോപ്പുകള്‍, കുട്ടികള്‍ക്കുള്ള കടകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്. എന്നാല്‍ അപ്പോഴും ദൈവാലയങ്ങള്‍ തുറക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് അനുവാദം കിട്ടിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അരെസോ ആര്‍ച്ച് ബിഷപ് റിക്കാര്‍ഡോ ഫോണ്‍ടാനയുടെ ചോദ്യം പ്രസക്തമാകുന്നത്. അദ്ദേഹം ചോദിക്കുന്നത് ഇതാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് പ്രശ്‌നമില്ല.പക്ഷേ ദൈവാലയത്തില്‍പോയി ഒലിവ് ഓയില്‍ വെഞ്ചരിച്ചാല്‍ എന്തുകൊണ്ടാണ് പ്രശ്‌നമാകുന്നത്? സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്നതിനെക്കാള്‍ കുറവല്ലേ പളളിയില്‍ ആളുകള്‍ വരുന്നതിന് എന്നതാണ് പ്രസക്തമായ ചോദ്യം. ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കിയത് ഗുരുതരമായ തെറ്റായി ടിവി കമന്റേറ്ററും സൈക്യാട്രിസ്റ്റുമായ അലെസാന്‍ഡ്രോ മെലൂസിയും വിലയിരുത്തുന്നു. ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്നു, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നുംകിടക്കുന്നു. ഇതെങ്ങനെ നീതികരിക്കപ്പെടും എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം.