യേശുക്രിസ്തുവിൻ്റെ വംശാവലിയെക്കുറിച്ച് വിശുദ്ധ മത്തായി ശ്ലീഹായുടെ വിവരണം ഏറെ ശ്രദ്ധേയമാണ്.
സർവശക്തനും പരിശുദ്ധനുമായ ദൈവപുത്രൻ്റെ മാതാപിതാക്കളായ മറിയവും ജോസഫും ഒഴികെ മറ്റു പൂർവ്വപിതാക്കളൊക്കെ ലോകത്തിൻ്റെ കാഴ്ച്ചയിൽ വളരെ കളങ്കിതരായിരുന്നു.
കൊലപാതകികളും വേശ്യകളും ….
വരെ ആ കൂട്ടത്തിലുണ്ട്.
വിക്കനും കൊലപാതകിയും ആയ മോശയും, ഇടയ ബാലനായ ദാവീദും,
വേശ്യയായ റാഹാബും സമൂഹത്തിൽ നിസ്സാരരും പിന്നീട് ദൈവത്താൽ ഉയർത്തപ്പെട്ട പ്രവാചകരും…,
പാപിനിയായ മറിയം മഗ്ദലേന യും ,
വസ്ത്ര വിളുമ്പിൽ തൊട്ട വിശ്വാസത്താൽ സൗഖ്യപ്പെട്ട രക്തസ്രാവക്കാരിയും,
ചുങ്കക്കാരും നിരക്ഷരരും മുക്കു വരുമായ ക്രിസ്തു ശിഷ്യരും, സക്കേവൂസും,
ബേത് സയ്ദാ കുളക്കരയിലെ അന്ധയാചകനും……. അങ്ങനെ അവഗണനയുടെ കയ്പുനീരു കുടിച്ചിരുന്നവരെത്രയോ പേരാണ് രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ദൈവത്താൽ പരിഗണിക്കപ്പെട്ട് തിരുവെഴുത്തിൻ്റെ താളുകളിൽ തിളങ്ങി നിൽക്കുന്നത്.
അതെ… നമ്മുടെ ദൈവം പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂടി ദൈവമാണ്.
കഴിവില്ലെന്നും പണമില്ലെന്നും നിറമില്ലെന്നും പറഞ്ഞ് സമൂഹം മാറ്റി നിർത്തുന്നവരെ മാറോട് ചേർത്തു പിടിക്കുന്ന ഒരു ദൈവം.
തലയ്ക്കു മുകളിൽ ഒരു കൂര പോലുമില്ലാത്തവൻ്റെയും, കടത്തിണ്ണയിൽ ഉറങ്ങുന്നവൻ്റെയും ദൈവമാണവിടുന്ന്.
അവൻ്റെ മനുഷ്യാവതാരത്തിന് രാജകൊട്ടാരങ്ങൾ ഒഴിവാക്കി കാലിതൊഴുത്ത് തിരഞ്ഞെടുത്തതും,
തൻ്റെ പിറവി ലോകത്തെ അറിയിക്കാൻ നിസ്സാരരായ ആട്ടിടയരെ തിരഞ്ഞെടുത്തതും അതുകൊണ്ട് തന്നെ.
തിരിച്ചറിയുക:
നീ എത്ര കഴിവില്ലാത്തവനാണങ്കിലും…. ദൈവത്തിൻ്റെ കർമ്മപദ്ധതിയിലും ,
രക്ഷാകര പദ്ധതിയിലും നിനക്കും നിശ്ചയമായും ഒരു സ്ഥാനം അവനൊരുക്കിയിട്ടുണ്ട്.
✍🏻Jincy Santhosh