രണ്ടു സഹോദരന്മാര്‍ ഒരുമിച്ച് ബലിവേദിയിലെത്തിയ കഥ

എപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു, പേയ്ടണും കോണോറും. സുഹൃത്തുക്കളാണോയെന്ന് മറ്റുള്ളവര്‍ ചിലപ്പോള്‍ സംശയിച്ചിരുന്നു. പക്ഷേ അവര്‍ സഹോദരങ്ങളായിരുന്നു. എന്നാല്‍ അതിനെക്കാളേറെ സുഹൃത്തുക്കളും. ഡോക്ടേഴസായിരുന്നു മാതാപിതാക്കള്‍. ഉത്തമ കത്തോലിക്കാ വിശ്വാസത്തിലാണ് അവര്‍ മക്കളെ വളര്‍ത്തിക്കൊണ്ടുവന്നതും.

പേയ്ടണും കോണോറിനും ജീവിതത്തില്‍ തിരഞ്ഞെടുക്കാന്‍ പലവഴികളുമുണ്ടായിരുന്നു. പക്ഷേ തങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് ഇരുവരും തിരഞ്ഞെടുത്തത് ഒരു പൊതുവഴിയായിരുന്നു. ആ വഴി ഇപ്പോള്‍ എത്തിനില്ക്കുന്നത് ബലിവേദിയിലാണ്. ഇരുവരുടെയും ജീവിതത്തിലെ അവിസ്മരണീയമായ സുദിനമായിരുന്നു മെയ് 30. കാരണംഅന്നാണ് ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ ബസിലിക്ക കത്തീ്ഡ്രലില്‍ വച്ച് ഇരുവരും വൈദികരായത്. ദൈവവിളി തിരഞ്ഞെടുക്കാന്‍ കാരണമായതില്‍ ഇരുവരും കടപ്പെട്ടിരിക്കുന്നത് തങ്ങളുടെ മാതാപിതാക്കളോട് തന്നെ. ആഗ്രഹം തുറന്നുപറഞ്ഞപ്പോള്‍ ഇരുവരും മക്കളുടെ ആഗ്രഹത്തിന് കൂട്ടുനിന്നു. അതുകൊണ്ട് സെമിനാരി പ്രവേശനത്തിന് വേണ്ടിയുള്ള വൈതരണികളൊന്നും നേരിടേണ്ടിവന്നില്ല.

സൗത്ത് ലൂസിയാനയായിരുന്നു മാതാപിതാക്കളുടെ ജന്മസ്ഥലം. മക്കളുടെ ചെറുപ്രായത്തിലേ കുടുംബം അലബാമയിലേക്ക് താമസം മാറി. പേയ്ടണും കോണോറിനും ഒരു സഹോദരി കൂടിയുണ്ട്. 2011 ല്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് തങ്ങളുടെ ദൈവവിളി യെ ഏറെ പ്രചോദിപ്പിച്ച ഒന്നായിരുന്നുവെന്നാണ് സഹോദരങ്ങളുടെ പങ്കുവയ്ക്കല്‍. ഒരു നവവൈദികനായിരുന്നു അവിടെ അവരെ പ്രചോദിപ്പിച്ചത്. അച്ചന്റെ ചുറുചുറുക്കും ഉത്സാഹപ്രകൃതിയും അവരെ വല്ലാതെയാകര്‍ഷിച്ചു. വൈദികനെക്കുറിച്ചുള്ള അതുവരെയുള്ള ധാരണകളെല്ലാം മാറിമറിയുന്നതുപോലെ.. മറ്റ് ചിലവൈദികവ്യക്തിത്വങ്ങളെ പരിചയപ്പെട്ടതും ഇത്തരത്തിലുള്ള പ്രചോദനമായി.

അവിടം മുതല്ക്കാണ് വൈദികനാകണമെന്ന ആലോചന ശക്തമായത്. 2012 ല്‍ കോണര്‍ സെന്റ് ജോസഫ് സെമിനാരി കോളജില്‍ ചേര്‍ന്നു. പേയ്ടണ് ഡോക്ടറാകാനായിരുന്നു ആഗ്രഹം. ഒരുദിവസം ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ക്രിസ്തുവിന്റെ ചോദ്യം കേട്ടു. നീ യഥാര്‍ത്ഥത്തില്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നുവോ? ആ നിമിഷം എനിക്കെന്റെ ജീവിതലക്ഷ്യം മനസ്സിലായി. ഞാനാരാണെന്ന് എനിക്ക് മനസ്സിലായി. പേയ്ടണ്‍ പറയുന്നു. സഹോദരനെ ഫോണ്‍ ചെയ്താണ് പേയ്ടണ്‍ ഇക്കാര്യം അറിയിച്ചത്. ഞാനും സെമിനാരിയില്‍ ചേരാന്‍ പോകുന്നു.

സത്യത്തില്‍ നടുക്കമാണ് തോന്നിയത്. അതോടൊപ്പം സന്തോഷവും. എല്ലായിടത്തും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.സെമിനാരിയില്‍ ഞാന്‍ ചേര്‍ന്നതോടെയാണ് അത് ഇല്ലാതായത്. ഇപ്പോഴിതാ വീണ്ടും ഞങ്ങള്‍ ഒരുമിച്ചാകാന്‍ പോകുന്നു. കോണര്‍ പറയുന്നു.

ആ ഒരുമിച്ചാകലാണ് ഇന്ന് അവരെ ബലിവേദിയിലും ഒരുമിച്ചെത്തിച്ചിരിക്കുന്നത്. മറ്റുള്ള ജീവിതാവസ്ഥയെക്കാള്‍ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ട് പൗരോഹിത്യത്തിന്. ജീവിതത്തെ സംബന്ധിച്ച് ഒരു ഉത്തരം നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ അതിന് ആദ്യം നിങ്ങള്‍ ചോദ്യം ചോദിക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് ദൈവം ഉത്തരം നല്കും. ഈ സഹോദരവൈദികര്‍ പറയുന്നു.