പൗരോഹിത്യ രജതജൂബിലിയുടെ തലേന്നാള്‍ കോവിഡ് ബാധിച്ച് വൈദികന്‍ മരണമടഞ്ഞു

വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെട്ട് മിഷിഗനിലെത്തിയ വൈദികന്‍ പൗരോഹിത്യരജത ജൂബിലിയുടെ തലേന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഫാ. വിന്‍സെന്റ് ഡി ബുയിയാണ് മരണമടഞ്ഞത്. ജൂണ്‍ ഒമ്പതിനായിരുന്നു ഫാ.വിന്‍സെന്റിന്റെ മരണം. 58 വയസായിരുന്നു.

1961 ജൂണ്‍ 25 ന് ജനിച്ച അദ്ദേഹം മാതാപിതാക്കളുടെ എട്ടു മക്കളില്‍ ആറാമനായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാര്‍ വൈദികരും ഒരു സഹോദരി കന്യാസ്ത്രീയുമാണ്. വിയറ്റ്‌നാമില്‍ നിന്ന് പതിമൂന്ന് തവണ രക്ഷപ്പെടാന്‍ ശ്രമിച്ച ചരിത്രവും കൂടിയുണ്ട് ഫാ. വിന്‍സെന്റിന്. എന്നാല്‍ ഓരോ തവണയും അദ്ദേഹം പിടിക്കപ്പെടുകയായിരുന്നു. അവസാനം 1981 ലാണ് ശ്രമം വിജയിച്ചത്. അന്നൊരു ഈസ്റ്റര്‍ ദിനമായിരുന്നു. ബാങ്കോക്കിലെ അഭയാര്‍ഥിക്യാമ്പില്‍ എട്ട് മാസം ജീവിച്ച അദ്ദേഹം യുഎസില്‍ എത്തിച്ചേര്‍ന്നത് 1982 ലായിരുന്നു. 1990 ല്‍ ബാള്‍ട്ടിമോറിലെ സെന്റ് മേരീസ് സെമിനാരി.യില്‍ തിയോളജി പഠനം ആരംഭിച്ചു. 1995 ജൂണ്‍ 10 ന് പുരോഹിതനായി. മെയ് 13 നാണ് രോഗബാധയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ശവദാഹം നടത്തിയതിന് ശേഷം ചിതാഭസ്മം വിയറ്റ്‌നാമിലേക്ക് അയച്ചുകൊടുക്കും. അത് കുടുംബക്കല്ലറയില്‍ അടക്കം ചെയ്യാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.