കുര്‍ബാനയും ചില കാലിക ചിന്തകളും: ഫാ. ജോസ് സുരേഷ് കപ്പൂച്ചിന്‍

ജീവിത നിഷേധം ക്രിസ്തുവില്‍ ചാര്‍ത്താനാകാവുന്ന ഗുരുതരമായ ആരോപണമാണ്. നീഷേയാണ് ഈ ആരോപണം ആദ്യമായി ഉയര്‍ത്തിയത്. ക്രിസ്തുവിന് പകരമായി നീഷേ സ്ഥാപിക്കാന്‍ ശ്രമിച്ചത് ജീവിതത്തെ കൂടുതല്‍ നങ്കൂരമിടുന്ന, ഉന്മത്തനായി നൃത്തം ചവിട്ടുന്ന ഗ്രീക്ക് ദേവനായ ഡയോനിഷ്യസിനായിരിന്നു. ‘ നൃത്തം ചവിട്ടാനറിയാത്ത ദൈവങ്ങളെ ഞാന്‍ വിശ്വസിക്കില്ല” എന്നത് നീഷേയുടെ ഒരു വിശ്വാസ പ്രമാണമാണ്. ക്രിസ്തു നൃത്തം ചെയ്തതിന് യാതൊരു തെളിവുമില്ല.

പക്ഷെ, ജീവിതം എന്നത് നിഷേധിക്കപ്പെടുമ്പോള്‍ മാത്രമാണ് സത്യമാകുന്നതെങ്കിലോ ? നിഷേധ പ്രാപ്തിയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നത് എന്ന് സാര്‍ത്ര് പോലും തിരിച്ചറിയുന്നുണ്ട്. മരണമാണ് ജീവിതത്തെ കൂടുതല്‍ സ്പഷ്ടവും സാകല്യവും ആക്കുന്നത് എന്നത് ജീവിതത്തിന്റെ തന്നെ ഏറ്റവും വലിയ വിരോധാഭാസമാണ്.

ക്രിസ്തു നഷ്ടങ്ങളുടെ ദൈവമാണ്. അവന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്ക് നഷ്ടം എന്നതാണ്. നഷ്ടപ്പെട്ട പുത്രന്‍, നഷ്ടപ്പെട്ട കുഞ്ഞാട്, നഷ്ടപ്പെട്ട നാണയം, നഷ്ടപ്പെട്ടു പോയ ജീവന്‍, അങ്ങനെ നഷ്ടങ്ങളുടെ ഒരു കണക്കു പുസ്തകവുമായിട്ടാണ് അവന്‍ നടന്നിരിന്നത്. നേട്ടങ്ങളൊന്നും അവന്‍ കുറിച്ചു വച്ചില്ല, നഷ്ടങ്ങളെല്ലാം പേരു സഹിതം കുറിച്ചു വച്ചു. അവന്‍ മനസ്സിലാക്കിയ ഒരു കാര്യം നഷ്ടമെല്ലാം അതില്‍ത്തന്നെ സുന്ദരമാണ് എന്നതാണ്. യഥാര്‍ത്ഥമായ ഒരു സ്‌നേഹത്തിലേക്ക് നിങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം നഷ്ടപ്പെട്ടവനായിരിക്കണം എന്നതാണ് ധൂര്‍ത്തപുത്രന്റെ കഥയിലൂടെ അവന്‍ പറയുന്നത്. ധൂര്‍ത്തപുത്രന്റെ കഥയിലെ മൂത്ത മകന്റെ പ്രശ്‌നം അവന്‍ നഷ്ടപ്പെട്ടു പോകാനും അങ്ങനെ സ്‌നേഹം എന്താണെന്ന് തിരിച്ചറിയാനും തയ്യാറായില്ല എന്നുള്ളതാണ്. അവനൊരിക്കലും ധൂര്‍ത്തപുത്രനാകാന്‍ കഴിഞ്ഞില്ല. അകലങ്ങളിലേക്ക് പോയി തന്റെ നഷ്ടത്തെയോര്‍ത്ത് വാവിട്ടു കരയുമ്പോള്‍ ഒരാള്‍ തിരിച്ചറിയുന്നതാണ് സ്‌നേഹം.

ക്രിസ്തുവിന്റെ സാമ്പത്തീക ശാസ്ത്രവും നഷ്ടങ്ങളുടെ ഗുണന പട്ടികയില്‍ പാകപ്പെടുത്തിയതായിരിന്നു. അവന്‍ തുടര്‍ച്ചയായി പറയുന്നത് ഉപേക്ഷിക്കുക എന്നതാണ്. കാരണം, നിങ്ങളുടെ കൈവശമുള്ളത് നിങ്ങളുടെ സ്വന്തമല്ല, നിങ്ങള്‍ എന്ത് ഉപേക്ഷിച്ചുവോ അത് നിങ്ങളുടെ സ്വന്തമാണ്. ഒരിക്കലും നഷ്ടപ്പെടുത്താന്‍ ഭയക്കരുത്, നഷ്ടങ്ങളാണ് നിങ്ങളെ സ്വരുകൂട്ടുന്നത്, നഷ്ടങ്ങള്‍ മാത്രമാണ് നിങ്ങളെ സ്വന്തമാക്കുന്നത്.

അപ്പോള്‍ ദൈവമോ? അതേ, ദൈവത്തെ പോലും നഷ്ടപ്പെടാന്‍ നിങ്ങള്‍ അനുവദിക്കണം. ദൈവം പോലും നഷ്ടമായ ഒരു കിരാത രാത്രിയിലൂടെ കടന്നുപോകുന്നില്ലങ്കില്‍ നഷ്ടത്തിന്റെ ഏറ്റവും ഉഗ്രമായ വേദന നിങ്ങള്‍ അനുഭവിച്ചിട്ടില്ല. ക്രിസ്തു ഈ നഷ്ടത്തിലൂടെയും കടന്നു പോയി. ദൈവത്തെ സ്വന്തമാക്കാന്‍ എല്ലാം ഉപേക്ഷിക്കാന്‍ പറഞ്ഞവന്‍ കുരിശില്‍ കിടന്നുകൊണ്ട് തിരിച്ചറിഞ്ഞത് ദൈവം പോലും നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലാണെന്ന്, ദൈവം പോലും ഉപേക്ഷയുടെ പാഠങ്ങള്‍ ശീലിക്കുകയാണെന്ന്, ഏറ്റവും പ്രീയപ്പെട്ടതിനെ അവന്‍ പോലും ഉപക്ഷിക്കുന്നുണ്ടെന്ന്. ഇത് മനസ്സിലാക്കിയിട്ടും അവന് കരയാതിരിക്കാന്‍ നിവൃത്തിയില്ലായിരിന്നു,”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപക്ഷിച്ചു.”

ചെസ്റ്റര്‍ട്ടന്‍ ഇതില്‍ നിന്നും പുതിയൊരു ദൈവ ദര്‍ശനം ഉണ്ടാക്കും, ക്രിസ്തുമതത്തിലാണ് ദൈവം ദൈവത്തെ ഉപേക്ഷിച്ചത്. ക്രിസ്തുമതത്തിലാണ് ദൈവം ദൈവത്തിന്റെ പ്രാര്‍ത്ഥന കേള്‍ക്കാതെ പോയത്. സിമോണ്‍ വെയില്‍ കൂടുതല്‍ വിപ്ലവകാരിയായി മാറും. ഒരു പുതിയ നിരീശ്വര വാദത്തെ അവള്‍ സൃഷ്ടിക്കും. അതാകട്ടെ ഏറ്റവും തീക്ഷണമായ ദൈവ വിശ്വാസത്തിലേക്കുള്ള ചവിട്ടുപടികളായി മാറുന്നു. നമ്മുടെ കാലഘട്ടം അര്‍ഹിക്കുന്ന ഏറ്റവും വലിയ വിശുദ്ധ സിമോണ്‍ വെയിലാണ് എന്ന് ആര്‍ബര്‍ട്ട് കാമ്യുവിന്റെ സാക്ഷ്യമാണ്.

സിമോണ്‍ വെയില്‍ എഴുതുന്നു, ‘Of two men, who have no experience of God, he who denies God is perhaps nearer to Him.’ ദൈവാനുഭവമില്ലാത്ത രണ്ടു പേരില്‍ ദൈവമില്ല എന്നു പറയുന്നവനായിരിക്കും ദൈവത്തിന് അടുത്തായിരിക്കുന്നത്. ദൈവാനുഭവം ഇല്ലാതിരിന്നിട്ടും ദൈവമുണ്ടെന്ന് പറയുന്നവന്‍ കളവാണ് പറയുന്നത്. അവന്റെ കളളം ദൈവത്തെ അപ്രതൃക്ഷമാക്കുകയാണ് ചെയ്യുന്നത്. ഇതാണ് ബ്രൂണോ ലാതോറും പറയുന്നത്, ‘He is a being who is sensitive to what one speaks about him: a being who appears and disappears according to the way he is spoken of, proclaimed, or uttered.’

സിമോണ്‍ വെയില്‍ വീണ്ടും എഴുതുന്നു, ‘religion in so far as it’s a source of consolation is the hindrance to the true faith: in this sense atheism is a purification.’ തത്വചിന്ത എഴുതി പേടിപ്പിക്കാതെ ദൈവ വചനം പ്രസംഗിച്ച് ആശ്വസിപ്പിക്കാന്‍ ചിലര്‍ ആവശ്യപ്പെടുമ്പോള്‍ അതിന് സാധിക്കാത്തതിന്റെ കാരണം സിമോണിന്റെ ഈ മുന്നറിയിപ്പാണ്. ആശ്വാസങ്ങളുടെ മതത്തേക്കാള്‍ നല്ലത്, ആശ്വാസങ്ങളെ ഹനിക്കുന്ന നിരീശ്വര വാദമാണ്. കാരണം സത്യം ആശ്വാസമല്ല. എല്ലാ ആശ്വാസങ്ങളും മനുഷ്യനെ സത്യത്തില്‍ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. ക്രിസ്തു തിരഞ്ഞെടുത്തത് എല്ലാ ആശ്വാസങ്ങളും തകര്‍ന്ന് തരിപ്പണമാകുന്ന കുരിശിന്റെ വഴിയാണ്. ‘ ഞാന്‍ വലത്തേക്ക് തിരിഞ്ഞു നോക്കി, എന്നെ ആശ്വസിപ്പിക്കാന്‍ ആരുമില്ല.” നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെയാണ് നമ്മള്‍ വലത്തുഭാഗത്ത് സൂക്ഷിക്കുന്നത്. ക്രിസ്തു നോക്കിയമ്പോള്‍ ശൂന്യമായ വലതു ഭാഗം. ആശ്വാസങ്ങള്‍ നഷ്ടമായപ്പോഴാണ് ക്രിസ്തു സൂപ്പര്‍ നാച്വറല്‍ ആയത്, സത്യമായത്.

കുടുംബം മുഴുവനും ഭീകരമായി പീഡിപ്പിക്കപ്പെടുകയും അയാള്‍ തന്നെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കിടന്ന് നരകയാതന അനുഭവിക്കുകയും, ഇങ്ങനെയുള്ള ഒരാളും. തന്റെ വംശം മുഴുവന്‍ തുടച്ചു നീക്കപ്പെട്ടതിനു ശേഷം അവശേഷിക്കുന്ന ഒരാളും. ഇവര്‍ ഒരിക്കല്‍ ദൈവത്തിന്റെ കരുണയില്‍ വിശ്വസിച്ചിരിന്നങ്കില്‍, ഈ സംഭവങ്ങള്‍ക്കു ശേഷം ഒന്നുകില്‍ പിന്നീടൊരിക്കലും ഇതില്‍ വിശ്വസിക്കില്ല. അല്ലങ്കില്‍ ദൈവത്തിന്റെ കരുണയെക്കുറിച്ച് തികച്ചും വിഭിന്നമായ ഒരു ദര്‍ശനം ഉണ്ടാകും. സിമോണ്‍ വെയിലാണ് ഇങ്ങനെ എഴുതുന്നത്. ദൈവത്തിന്റെ കരുണ നിങ്ങളെ ജീവിതത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയല്ല ചെയ്യുന്നത്. പകരം അവയുടെ മധ്യേ നിര്‍ത്തി നിങ്ങളെ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് പോള്‍ റിക്കറും എഴുതുന്നു.

പിശുക്കന്റെ സമ്പത്തു പോലെ ദൈവം കുന്നു കൂടുമ്പോള്‍ നിങ്ങള്‍ തുടര്‍ച്ചയായി പറയണം, ദൈവമില്ല, ദൈവമില്ല! സിമോണ്‍ വെയിലിന്റെതാണ് ഈ ശാസനവും. പിശുക്കന്റെ സമ്പാദ്യം പോലെ ദരിദ്രമായി, ഉപയോഗശൂന്യമായി, ബീഭത്സമായി എന്താണുള്ളത്? ഇങ്ങനെ ഉപയോഗശൂന്യമായി ദൈവം കുന്നു കൂടുമ്പോള്‍ ഇതില്‍ നിന്നും അവനെ രക്ഷിക്കാന്‍ അവന്‍ ഇല്ല എന്നു തന്നെ പറയണം.

ദൈവമിങ്ങനെ പിശുക്കന്റെ സമ്പത്തു പോലെ എല്ലായിടത്തും, ദേവാലയങ്ങളിലും, അമ്പലങ്ങളിലും, മോസ്‌ക്കുകളിലും കുന്നു കൂടിയപ്പോള്‍ ഒരു കൊറോണ കാലം ദൈവമില്ല എന്നു പറഞ്ഞു കൊണ്ട് വന്നു. ആരാധകരുടെ ശരണം വിളികളിലും, സ്തുതികളിലും, ബാങ്ക് വിളികളിലും ശ്വാസം മുട്ടിപ്പോയ ദൈവം ഇപ്പോള്‍ അടച്ചിട്ട പള്ളികളിലും അമ്പലങ്ങളിലും സ്വസ്ഥനായി നടക്കുന്നുണ്ടാകും. ദൈവം നീണ്ട ഒരു വിശ്രമത്തിന് തയ്യാറടുക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളുടെ പട്ടിക വായിച്ച് അവന്‍ ശ്വാസം മുട്ടി പോയിട്ടുണ്ട്.

കുര്‍ബാന ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ സിരാ കേന്ദ്രമായ ഒരു കുദാശയാണ്. കത്തോലിക്കര്‍ പല റീത്തുകളായി തിരിഞ്ഞ് പലപ്പോഴും തമ്മിലടിക്കുന്നതും അയിത്തം കല്‍പ്പിക്കുന്നതും ഈ കുദാശയുടെ പേരിലാണെന്നത് വിരോധാഭാമാണ്. ”എന്റെ ഓര്‍മ്മയ്ക്കായ് ഇതു ചെയ്യുക” എന്നാണ് ക്രിസ്തു അന്ത്യഅത്താഴ വേളയില്‍ പറഞ്ഞത്. അസാന്നിദ്ധ്യത്തിലൂടെ സൃഷ്ടിക്കുന്ന സാധ്യതയാണ് ഓര്‍മ്മ എന്നത് തിരയുന്നത്. ഒരാളുടെ അസാന്നിദ്ധ്യത്തിലാണ് ഓര്‍മ്മ ഉള്ളത്, ഈ ഓര്‍മ്മയാകട്ടെ അയാളെ സന്നിഹിതനാക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ കുര്‍ബാന എങ്ങോട്ട് തിരിഞ്ഞ് ചൊല്ലണം, ഏത് ഭാഷയില്‍ ചൊല്ലണം, ഏത് വേഷത്തില്‍ ചൊല്ലണം എന്നതാണ് ഇവിടുത്തെ പ്രശ്‌നം. അവന്‍ സന്നിഹിതനാകുന്ന ശൂന്യത ഉണ്ടോ, പങ്കുവെയ്പുണ്ടോ, സ്‌നേഹമുണ്ടോ എന്നതൊരു വിഷയമേ അല്ല. സിറിയന്‍ കുര്‍ബാന മാത്രമാണ് ശരിയെന്നും ലാറ്റിന്‍ കുര്‍ബാന കുര്‍ബാനയേ അല്ല എന്നും സിറിയന്‍ ക്രിസ്ത്യാനികള്‍ ഞായറാഴ്ച ലാറ്റിന്‍ കുര്‍ബാന കൂടിയാല്‍ അവര്‍ക്ക് കുര്‍ബാന കടം ഉണ്ടെന്നൊക്കെ പറയുന്ന പുരോഹിത വിദ്യാന്മാര്‍ ഇവിടെയുണ്ട്. പാവം പോപ്പ്, സിറിയന്‍ കുര്‍ബാന ചൊല്ലാനറിയാത്തതുകൊണ്ട് പുളളിക്ക് എന്തു മാത്രം കുര്‍ബാന കടം ഉണ്ട് ! പാവം ക്രിസ്തു തന്ത്രശാലികളായ ഉത്തരം പുരോഹിതന്മാരുടെ കൈയിലെ കളിപ്പാട്ടമായതിനെ ഓര്‍ത്ത് സ്വയം വിലപിക്കുന്നു. ക്രിസ്തുവിന്റെ ഈ വിലാപം കേള്‍ക്കാനെങ്കിലും കൂര്‍ബാന ഇല്ലാത്ത, കുദാശകള്‍ ഇല്ലാത്ത ഒരു ഇരുണ്ട കാലം ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്

ഇപ്പോള്‍ സിറിയന്‍ കുര്‍ബാനയുമില്ല, മലങ്കര കുര്‍ബാനയുമില്ല, ലാറ്റിന്‍ കുര്‍ബാനയുമില്ല. വിശുദ്ധ വാരം തന്നെ പള്ളികള്‍ അടഞ്ഞുകിടക്കുന്നു. എവിടെ പോയി ഈ കൂര്‍ബാന കടം എല്ലാം? ക്രിസ്തുവിന്റെ ഓര്‍മ്മയെ അവഹേളിക്കുന്ന വിധത്തില്‍ എന്തിന് കുര്‍ബാനയുടെ ആഘോഷങ്ങളിലും, വസ്ത്രധാരണത്തിലും, റീത്തിലും അഭിരമിച്ചു പോയി? ഓണ്‍ലൈയില്‍ കുര്‍ബാനയില്‍ ഇതെല്ലാം ഒരിക്കല്‍ ഒതുക്കുമെന്ന് നമ്മളന്ന് കരുതിയില്ല. ഓണ്‍ലെയിന്‍ കുര്‍ബാന ചൊല്ലാന്‍ ഒരു പുരോഹിതന്‍ തന്നെ ധാരാളം. ഓണ്‍ലെയിന്‍ കുര്‍ബാന ലാറ്റിന്‍ റീത്തില്‍ ആയാല്‍ അത് കുര്‍ബാന കടം ആകുമോ ?

ഇതിനിടയില്‍ പ്രഗത്ഭനായൊരു കരിസ്മാറ്റിക് ധ്യാനഗുരു വിളിച്ചു പറയുന്നതു കേട്ടു, ഇവിടെ അവസാനത്തെ പുരോഹിതനും മരിച്ചു വീഴുന്നതുവരെ ഇവിടെ വി.കുര്‍ബാന ഉണ്ടായിരിക്കും.! ഇതെന്താ, പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചോ? അതോ കൊറോണാ വയറസ്, പുരോഹിതന്മാരെ മാത്രം പിടിച്ചു തിന്നാന്‍ വന്ന കണ്ണും മൂക്കുമുള്ള ഭീകര ജീവിയാണോ ? എക്‌സാജിറേഷനു ഒരു പരിധി വേണ്ടേ ? പുരോഹിതന്‍ ഇല്ലങ്കില്‍ കുര്‍ബാന ഇല്ലേ? കുര്‍ബാനയുടെ ചരിത്രത്തില്‍ പുരോഹിതന്മാര്‍ ഇല്ലാത്ത ഏടുണ്ട്. പിന്നെ, ലോകാവസാനം വരെ പുരോഹിതന്മാരും കുര്‍ബാനയും ഉണ്ടാകുമോ ? ഇവര്‍ക്കു കാണും ഉറപ്പ്. ക്രിസ്തുവിന് യാതൊരു ഉറപ്പുമില്ലായിരിന്നു. പുരോഹിതന്മാര്‍ പോയിട്ട്, വിശ്വാസികള്‍ തന്നെ ഉണ്ടാകുമോ എന്നതായിരിന്നു അവന്റെ സംശയം, ‘ ഞാന്‍ വീണ്ടും വരുമ്പോള്‍ ഇവിടെ വിശ്വാസികള്‍ ഉണ്ടാകുമോ ? പ്രഖ്യാപനം തിരിച്ചാക്കണം: അവസാനത്തെ വിശ്വാസി ഉള്ളിടത്തോളം കാലം ഇവിടെ കുര്‍ബാന ഉണ്ടായിരിക്കും. കുര്‍ബാന എന്നത് ക്രിസ്തുവിന്റെ ഓര്‍മ്മയാണങ്കില്‍, ആ ഓര്‍മ്മ വഹിക്കുന്ന ഓരോ വിശ്വാസിയും കുര്‍ബാനയാണ്.