മിഷനറി വൈദികനും ഫ്രഞ്ച് സ്വദേശിയുമായ മെല്ചോയര്ദെ മാരിയോണ്‍ ബ്രെസിലാക്ക് ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു. 1813 ഡിസംബര്‍ രണ്ടിന് ഫ്രാന്‍സില്‍ ജനിച്ച അദ്ദേഹം ഇന്ത്യയില്‍ പന്ത്രണ്ടുവര്ഷത്തോളം ജീവിച്ചു. 1838 ഡിസംബര്‍ 22 നായിരുന്നു പുരോഹിതനായത്.
അവിഞ്ഞോണില്‍ ഈശോസഭ നടത്തിയ ഒരു ധ്യാനത്തില്‍ പങ്കെടുത്തതോടെയാണ് മിഷനറി വൈദികനാകണമെന്ന ആഗ്രഹം ഉടലെടുത്തത്. എന്നാല്‍ രൂപത അദ്ദേഹത്തെ മൂന്നുതവണ ഇക്കാര്യത്തിന്റെ പേരില്‍ നിരാശനാക്കി. മാത്രവുമല്ല പിതാവും ഈ തീരുമാനത്തിന് എതിരായിരുന്നു. കാരണം അദ്ദേഹത്തിന് അല്ജീിറിയായിലെ ഒരു യുദ്ധത്തില്‍ ഒരു മകനെ നഷ്ടമായിരുന്നു.
അന്നത്തെ സങ്കല്പമനുസരിച്ച് ഒരാള്‍ മിഷനറിയാവുകയെന്നാല് കൊല്ലപ്പെടുക എന്നായിരുന്നു.വിദേശത്തേക്ക് മിഷനറിയായി പോകുന്നവരെല്ലാം തദ്ദേശിയരാല്‍ കൊല്ലപെടുന്നത് സാധാരണ സംഭവവുമായിരുന്നു. എങ്കിലും ഏഷ്യന്‍ മിഷനു വേണ്ടി അദ്ദേഹം പരിശീലനം നേടി.
നാലുതീരുമാനങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പൂര്‍ണ്ണഹൃദയത്തോടെ മിഷനറിയാകുക, സേവനത്തിനിടയില്‍ ഒരിക്കലും ദൈവത്തെ മറക്കാതിരിക്കുക. ഓരോ സന്ദര്‍ഭവും ദൈവവചനം പ്രഘോഷിക്കാനുള്ളതാക്കി മാറ്റുക, പ്രാദേശികവൈദികരുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുക.
1843 ല്‍ അദ്ദേഹം തമിഴ്നാട്ടിലേക്ക് അയ്ക്കപ്പെട്ടു. സേലം കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലപ്രവര്ത്തനങ്ങള്. തമിഴ് വൈദികരെ പരിശീലിപ്പിച്ചെടുക്കാന്‍ ഒരു സെന്റര്‍ അദ്ദേഹം രൂപീകരിച്ചു. 1845 ല്‍ അദ്ദേഹം കോയമ്പത്തൂര്‍ ബിഷപ്പായി അഭിഷിക്തനായി. കോയമ്പത്തൂര്‍ സെന്റ് മൈക്കല്‍ കത്തീഡ്രലിന്റെ നിര്‍മ്മാണവും തുടങ്ങി.
ജാതീയമായ വേര്‍തിരിവുകളും ഉച്ചനീചത്വങ്ങളും ഇക്കാലത്ത് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചു, ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് നിരന്തരമായ എതിര്‍പ്പുകളും നേരിടേണ്ടിവന്നു. 1852 ല്‍ അദ്ദേഹം രാജിവച്ചു.
എങ്കിലും 1855 മാര്‍ച്ച് 18 വരെ അതിന് അംഗീകാരം ലഭിച്ചിരുന്നില്ല. പന്ത്രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷം നാല്പത്തിയൊന്നാം വയസില്‍ അദ്ദേഹം കോയമ്പത്തൂരുനിന്ന്് യാത്രയായി. റോമിലെത്തിയ അദ്ദേഹം പിന്നീട് ആഫ്രിക്കയിലേക്ക് മിഷനറി യാത്രകള്‍ തുടര്‍ന്നു. സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ് സ്ഥാപിക്കുകയും ചെയ്തു. 1859 ജൂണ്‍ 25 ന് മരണം സംഭവിച്ചു. അന്ന് അദ്ദേഹത്തിന് 45 വയസായിരുന്നു.
ഇപ്പോള്‍ കത്തോലിക്കാ സഭയിലെ ധന്യരുടെ പദവിയിലാണ് മെല്‍ച്ചോര്‍ ദെ മാരിയോണ്‍. മാര്‍ച്ച് 26 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യപദവിയിലേക്ക് ഇദ്ദേഹത്തെ ഉയര്‍ത്തിയത്.