കാക്കനാട്: വൈദികര്‍ ഉള്‍പ്പടെ ദൈവജനം മുഴുവനും കൃഷിപ്പണികള്‍ക്കായി സമയം കണ്ടെത്തണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സഭൈക്യദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വ്യക്തികളുടെയോ രൂപതകളുടെയോ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്യണം. ഒരിഞ്ചു കൃഷി ഭൂമി പോലും തരിശായി കിടക്കാന്‍ ഇടയാകരുത്. കഴിഞ്ഞ അമ്പതുവര്ഷങ്ങളില് അനുഭവപ്പെട്ടതിലും വലിയ ഒരു ക്ഷാമം ലോകം മുഴുവന്‍ നേരിടാന്‍ പോകുകയാണ്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്നവ കൊണ്ടുതന്നെ നമുക്ക് ഭക്ഷിക്കാന്‍ വേണ്ടവ ലഭിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. ഫഌറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് പോലും ഗ്രോബാഗുകളിലും ടെറസുകളിലും കൃഷി ചെയ്യാവുന്നതാണല്ലോയെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഇടവകകളുടെയും അയല്‍ക്കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ വിപണികള്‍ തുറന്ന് കാര്‍ഷികവിളകള്‍ ന്യായവിലയ്ക്ക് എല്ലാവര്ക്കും ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നത് കൃഷിക്കാരുടെ അഭിവൃദ്ധിക്ക് ഉപകരിക്കും. നമ്മുടെ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസും അതോടൊപ്പം ഇന്‍ഫാമും കൃഷിയുടെ രംഗത്ത് ജനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് നന്നായിരിക്കുമെന്നും സര്‍ക്കുലര്‍ അഭിപ്രായപ്പെടുന്നു.