നിറത്തിന്റെ പേരില്‍ താന്‍ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് ഒരു ആഫ്രിക്കന്‍ വൈദികന്റെ തുറന്നുപറച്ചില്‍. എട്ടുവര്‍ഷത്തോളം തായ്ലന്റില് സേവനം ചെയ്ത വൈദികനാണ് ഈ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
ആഫ്രിക്കക്കാരനായതുകൊണ്ടും കറുത്തനിറക്കാരനായതുകൊണ്ടും പലയിടത്തു നിന്നും ഞാന്‍ വിവേചനത്തിന് ഇരയായിട്ടുണ്ട്. ആഫ്രിക്കക്കാര്‍ എന്നാല്‍ വിദ്യാഭ്യാസമില്ലാത്തവരാണ് എന്നാണ് തായ്ലന്റിലെ ചിലരുടെ ധാരണ. പലപ്പോഴും തനിക്ക് പരിത്യക്താവസ്ഥ അനുഭവപ്പെട്ടിട്ടുണ്ട്. അച്ചന് പറയുന്നു. 2012 ല്‍ ആണ് ഇദ്ദേഹം തായ്ലന്റില് എത്തിയത്.
ഈ രാജ്യത്ത് ഒരു കറുത്തവര്ഗ്ഗക്കാരന് ജീവിക്കുക ദുഷ്ക്കരമാണ്. തായ്ലന്റിലെ ഒരു വൈദികന് പോലും തന്നെ മാറ്റിനിര്ത്തിയിരുന്നുവെന്നാണ് പേരുവെളിപ്പെടുത്താത്ത ഈ വൈദികന് തുറന്നുപറഞ്ഞത്. തായ് വൈദികന് എന്നോട് പറഞ്ഞത് ഞാന്‍ കറുത്ത വര്‍ഗ്ഗക്കാരനെ ഇഷ്ടപ്പെടുന്നില്ല അവര്‍ ചീത്ത ആളുകളാണ് എന്നായിരുന്നു. തിക്താനുഭവങ്ങള്‍ ഉണ്ടായപ്പോഴും ഞാന്‍ ദൈവത്തില്‍ ശരണപ്പെട്ടു. എന്റെ ദൗത്യം പൂര്‍ത്തിയാക്കാനുള്ള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
എന്നാല്‍ എല്ലാ തായ്ജനതയും ഇതുപോലെയല്ലെന്നും അച്ചന് വ്യക്തമാക്കി. എന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തവരുമുണ്ട്. അദ്ദേഹം പറഞ്ഞു.