ഒരു ഡോക്ടര്‍ വിശുദ്ധ പദവിയിലേക്ക്…

ദരിദ്രരോഗികളെ സൗജന്യമായി ചികിത്സിക്കുകയും സഹായിക്കുകയും ചെയ്ത ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍നാണ്ടസ് വിശുദ്ധ പദവിയിലേക്ക്. വെനിസ്വേലയിലെ ഡോക്ടറായ ഈ വിശുദ്ധന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തെ വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഡോ. ജോസ് ഉയരുന്നത്.

1918 ലെ സ്പാനീഷ് ഫഌ പകര്‍ച്ചവ്യാധിയുടെ കാലത്തായിരുന്നു ഡോക്ടറുടെ നിസ്തുലമായ സേവനങ്ങള്‍ ആളുകള്‍ക്ക് ഏറെ പ്രയോജനപ്പെട്ടത്. രണ്ടുതവണ വൈദികനാകാന്‍ ആഗ്രഹിച്ച് ശ്രമം നടന്നിട്ടും പരാജയപ്പെട്ടുപോയ കഥകൂടിയുണ്ട് ഈ ജീവിതത്തിന് പിന്നില്‍. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് കിട്ടിയതോടെ പാരീസിലേക്കുളളവാതില്‍ തുറക്കപ്പെട്ടു. ബാക്ടീരിയോളജിയിലായിരുന്നു സ്‌പെഷ്യലൈസേഷന്‍.

തിരികെ ജന്മനാട്ടിലെത്തിയ അദ്ദേഹം ബാക്ടീരിയോളജി ലാബ് ആരംഭിച്ചു. നൂറുകണക്കിന് രോഗികളായിരുന്നു അദ്ദേഹത്തിന്‌റെ അടുക്കല്‍ ചികിത്സ തേടി ദിവസം തോറും എത്തിയിരുന്നത്. ഒരേ സമയം മികച്ച ശാസ്ത്രജ്ഞനും മനുഷ്യസ്‌നേഹിയുമായിരുന്നു അദ്ദേഹം. വെനിസ്വേലയില്‍ പൊതുജനാരോഗ്യസൗകര്യങ്ങള്‍ വളരെ പരിമിതപ്പെട്ടിരുന്ന കാലത്ത് ഡോക്ടറുടെ സേവനങ്ങള്‍ അമൂല്യമായിരുന്നു. അനേകരെയാണ് മരണത്തില്‍ നിന്ന് അദ്േദഹം ജീവനിലേക്ക് രക്ഷിച്ചത്.

1909 ലാണ് വൈദികനാകാനുള്ള ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അത് നിഷേധിക്കപ്പെട്ടു. 1913 ല്‍ വീണ്ടും ശ്രമിച്ചുവെങ്കിലും അതേ കാരണങ്ങളാല്‍ അത്തവണയും പ്രവേശനം ലഭിച്ചില്ല, ഒരു രോഗിയെ ചികിത്സിച്ച് തിരികെ മടങ്ങുമ്പോള്‍ കാര്‍ ആക്‌സിഡന്റിലായിരുന്നു മരണം. അതോടെ അനേകര്‍ തങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഡോക്ടറുടെ മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 1975 ആയപ്പോഴേയ്ക്കും ഡോക്ടര്‍ കൂടുതല്‍ പ്രസിദ്ധനായി.

കരാക്കാസ് അതിരൂപത അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം നഗരത്തിലേക്ക് സെമിത്തേരിയിലേക്ക് മാറ്റിപ്രതിഷ്ഠിച്ചു. അനേകര്‍ കല്ലറയിങ്കല്‍ പ്രാര്‍്തഥിക്കാന്‍ എത്തിത്തുടങ്ങി. മോഷണശ്രമത്തിനിടയില്‍ തലയ്ക്ക് വെടിയേറ്റ ഒരു പെണ്‍കുട്ടിക്കുണ്ടായ അത്ഭുതകരമായ സൗഖ്യമാണ് ഡോക്ടറുടെ മാധ്യസ്ഥതയിലുള്ള അത്ഭുതമായി വത്തിക്കാന്‍ അംഗീകരിച്ചത്.