പുതിയൊരു പാരമ്പര്യമായിരുന്നു ക്രിസ്തു കൊണ്ടുവന്നത്. ആ പാരമ്പര്യത്തിന് മുമ്പില്‍ അതുവരെയുള്ള സകലതും കടപുഴകി വീഴുന്നത് നാം അറിയുന്നു. കണ്ണിന് പകരം കണ്ണും പല്ലിന് പകരം പല്ലുമായിരുന്നു അതുവരെയുള്ള വഴക്കം. എന്നാല്‍ ക്രിസ്തുവാകട്ടെ ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന് പറയുന്നു. രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കണമെന്നും ഉടുപ്പ് ചോദിക്കുന്നവന് മേലുടുപ്പ് കൂടി നല്കണമെന്നും.. ഇതാണ് ക്രിസ്തു കൊണ്ടുവന്ന പാരന്പര്യം.
വയല്‍വരമ്പിലൂടെ നടന്നുപോകുന്ന ശിഷ്യന്മാര്‍ ഗോതമ്പുമണി തിന്നപ്പോഴും സാബത്തിനെ കൂട്ടുപിടിച്ച് പാരമ്പര്യത്തെ ചോദ്യം ചെയ്തവരും ഉണ്ടായിരുന്നു അവിടെ. ദേവാലയശുദ്ധീകരണത്തില്‍ വ്യാപാരികളുടെ മേശകള്‍ തട്ടിമറിച്ചിടുന്ന യേശുവിനെ നാം സുവിശേഷത്തില്‍ കാണുന്നുണ്ടല്ലോ..അത് വ്യംഗാര്‍ത്ഥത്തില്‍ അതുവരെ പുലര്‍ത്തിപ്പോന്നിരുന്ന പാരമ്പര്യങ്ങളുടെ തകിടം മറിക്കല്‍ കൂടിയായിരുന്നു എന്ന് കരുതുന്നതില്‍ ഒട്ടും തെറ്റുണ്ടെന്ന് തോന്നുന്നില്ല.
എന്നിട്ടും കൃത്യമായ പാരമ്പര്യങ്ങളുടെ ചിട്ടവട്ടങ്ങളില്‍ നാം ദൈവത്തെ ഒതുക്കിനിര്‍ത്തുന്നു. ഇതാണ് ദൈവമെന്നും ഇങ്ങനെയാണ് ദൈവമെന്നും. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഇവയെല്ലാം ഇങ്ങനെയെല്ലാം വേണമെന്നും. ആചാരങ്ങളില്‍ നിന്നും ആര്‍ഭാടങ്ങളില്‍ നിന്നും ദൈവത്തെ മോചിപ്പിച്ചെടുക്കാന്‍ നാം ഇനിയും വൈകിക്കൂടാ. ക്രിസ്തു നിയമങ്ങളെയും പാരമ്പര്യങ്ങളെയും ആചാരങ്ങളെയും മുറുക്കിപിടിച്ചിരിക്കുകയായിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ കരുണ നമുക്ക് സ്വന്തമാകുകയില്ലായിരുന്നു. പാരമ്പര്യമാണ് ക്രിസ്തുവും മുറുക്കിപിടിച്ചിരുന്നതെങ്കില്‍ പാപിനിയായ സ്ത്രീക്ക് ശാപവിമുക്തി ലഭിക്കില്ലായിരുന്നു. ചുങ്കക്കാരനായ മത്തായി അപ്പസ്‌തോലനായി മാറുകയില്ലായിരുന്നു. സക്കേവൂസിന്റെ കുടുംബം രക്ഷയുടെ അനുഭവത്തിലേക്ക് വരികയില്ലായിരുന്നു.
അതുകൊണ്ട് അമിതമായ പാരമ്പര്യങ്ങളെയല്ല അമിതമായ ആചാരങ്ങളെയല്ല, അമിതമായ ആഘോഷങ്ങളെയുമല്ല നാം കൂട്ടുപിടിക്കേണ്ടത്. ക്രിസ്തു ഈ വിഷയത്തോട് എങ്ങനെയായിരിക്കും ഇടപെടുക എന്ന ധ്യാനപൂര്‍വ്വമായ ചിന്തയാണ് നമുക്ക് നല്ലത്. അതാണ് നമ്മെ ദൈവപ്രീതിക്ക് ഇടയാക്കുന്നതും. നമ്മുടെ കണ്ണുകളില്‍ ദയയുണ്ടാകട്ടെ മനസ്സില്‍ കാപട്യം ഇല്ലാതിരിക്കട്ടെ. അതാണ് മുഖ്യം.
ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി പുറത്തേക്ക് പോയ ചുങ്കക്കാരന്റെ മനസ്സാണ് നമുക്കുണ്ടാവേണ്ടത്. ചൊല്ലിക്കൂട്ടിയ ജപമാലകള്‍ക്കും ആഴമറിയാതെ പങ്കെടുത്ത ദിവ്യബലികള്‍ക്കും അടുത്തുനില്ക്കുന്നവന് നീതി കൊടുക്കാന്‍ കഴിയാതിരുന്നിട്ടും പങ്കെടുത്ത ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്കും അതുകൊണ്ടാണ് അര്‍ത്ഥമില്ലെന്ന് പറയേണ്ടിവരുന്നത്.
ഞായറാഴ്ച ആചരണം പോലും ഒരു പാരമ്പര്യത്തിന്റെ ഭാഗമായി മാറുന്നുണ്ട് നമുക്കിടയില്‍. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന തിരുസഭയുടെ കല്പനയായതുകൊണ്ട് മാത്രം പാലിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍. പലപ്പോഴും കണ്ടിട്ടുണ്ട് മോണ്ടളങ്ങളിലും മറ്റും പുറത്തേക്ക് നോക്കിയിരുന്ന് കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ.കൈക്കുഞ്ഞുങ്ങളുമായി വരുന്നവരെ ഉദ്ദേശിച്ചല്ല പറയുന്നത് കൂട്ടും കുടുംബവും ഒന്നും ആകാത്ത നമ്മുടെ ഇന്നത്തെ ചെറുപ്പക്കാരെക്കുറിച്ചാണ്.
ഇവിടെയെല്ലാം നമ്മുടെ ഹൃദയം ഏശയ്യായുടെ വാക്കില്‍ പറഞ്ഞാല്‍ ക്രിസ്തുവില്‍ നിന്ന് ഹൃദയം വളരെ അകന്നിരിക്കുന്ന അവസ്ഥയിലാണ്.
ലത്തീന്‍ കുര്‍ബാനക്രമത്തിലെ ഒരു പ്രാര്‍ത്ഥന വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ഹൃദയം ദൈവത്തിങ്കലേക്കുയര്‍ത്തുവിന്‍ എന്നതാണത്. അപ്പോള്‍ പ്രതിവചനമാകട്ടെ ഇതാ ഉയര്‍ത്തിയിരിക്കുന്നു എന്നും. നമ്മുടെ പ്രാര്‍ത്ഥനകളും ബലികളും ദൈവത്തിങ്കലേക്ക് ഹൃദയം ഉയര്‍ത്തുന്നവിധത്തിലായിരിക്കണം.
എത്ര ആരാധനകളില്‍ പങ്കെടുത്താലും എത്ര ബൈബിള്‍ കണ്‍വന്‍ഷനുകളില്‍ നിറസാന്നിധ്യമായാലും നമ്മുടെ ഹൃദയത്തില്‍ കാപട്യമുണ്ടെങ്കില്‍, കളങ്കമുണ്ടെങ്കില്‍ മനസ്സ് ശുദ്ധമല്ലെങ്കില്‍ അതൊന്നും ദൈവത്തിന് പ്രീതികരമായിരിക്കുകയില്ല. പലയിടത്തുനിന്നും അനുഭവമുണ്ടായിട്ടുണ്ട്, സ്വന്തം താല്പര്യങ്ങളെ സംരക്ഷിക്കാനും സ്ഥാപിച്ചെടുക്കാനും വേണ്ടി ദൈവകല്പനകളെ അവഗണിക്കുന്നതും സ്വന്തമായ നിയമുണ്ടാക്കി അത് ദൈവകല്പനയാക്കി മാറ്റുന്നതും. ഇത്തരക്കാരും പാരമ്പര്യവാദികളാണ്.
പാരമ്പര്യവാദികള്‍ ഒരിക്കലും മറ്റുള്ളവരുടെ ഹൃദയം കാണുന്നില്ല. എന്തിന് അവരുടെ ഹൃദയത്തില്‍ പോലും ദൈവത്തിന് സ്ഥാനം കുറവായിരിക്കും. അന്ധമായ പാരമ്പര്യങ്ങളിലല്ല നാം ആശ്വാസം കണ്ടെത്തേണ്ടത്. ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലുമാണ്. . നമ്മുടെ ആത്മീയതയിലെ വലിയൊരു കുഴപ്പം പിശാചുക്കള്‍ പോലുംപ്രഭാപൂര്‍്ണ്ണനായ ദൈവദൂതന്റെ വേഷം കെട്ടുന്നതാണ്. അതുകൊണ്ട് ഏതൊരാളുടെയും അമിതമായ ഭക്തിപാരവശ്യങ്ങളോ ഭക്തിപ്രകടനങ്ങളോ കണ്ട് അവരെ വിലയിരുത്തണ്ടാ മറിച്ച്് അവര്‍ ദൈവകല്പന എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന് മാത്രം നോക്കിയാല്‍ മതി. ദൈവകല്പനകള്‍ പാലിക്കുന്ന വ്യക്തിയില്‍ തീര്‍ച്ചയായും ദൈവകാരുണ്യമുണ്ടായിരിക്കും.
അവര്‍ ഒരിക്കലും ദൈവകല്പനകളെ സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കുകയുമില്ല. നമുക്ക് പാരമ്പര്യങ്ങളുടെ ഭാരങ്ങളില്‍ നിന്ന് മുക്തരായും വ്യര്‍ത്ഥമായ ആരാധനകളില്‍ നിന്ന് മോചിതരായും ഹൃദയത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാന്‍ ശ്രമിക്കാം. ബാഹ്യമായ രൂപമായിരുന്നു ദൈവം നോക്കിയിരുന്നതെങ്കില്‍ ഇന്ന് അള്‍ത്താരയില്‍ വണങ്ങപ്പെടുന്ന പല ജീവിതങ്ങളും ആ അവസ്ഥയിലെത്തുമായിരുന്നില്ല.
മാര്‍ട്ടിന്‍ ഡി പോറസും ജോസഫൈന്‍ ബക്കീത്തയും മുതല്‍ മദര്‍ തെരേസയും രാമപുരത്ത് കുഞ്ഞച്ചനും വരെ എത്ര.യോ പുണ്യാത്മാക്കള്‍ ഉണ്ട് ഉദാഹരിക്കുവാനായിട്ട്.. ബാഹ്യപ്രഭകൊണ്ടെന്നതിനെക്കാളേറെ ആന്തരികവിശുദ്ധികൊണ്ട് പരിസരങ്ങളെ പ്രകാശിപ്പിച്ചവര്‍. ദൈവം എല്ലാവരുടെയും ഹൃദയഭാവങ്ങളെയാണ് നോക്കുന്നത്. ഹൃദയത്തില്‍ എന്താണുള്ളത്? അതാണ് മുഖ്യം. ഹൃദയത്തില്‍ കാപട്യവും അസൂയയും സ്വാര്‍ത്ഥതയും തദൃശ്യമായ മറ്റ് നിഷേധകചിന്തകളും വച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. മറിച്ച് ഞാന്‍ പാപിയാണെന്ന സത്യസന്ധമായ ഏറ്റുപറച്ചിലോടെ നമുക്ക് ദൈവസന്നിധിയിലണയാം..
കൈയിലെ കറയെക്കാള്‍ ആത്മാവിന്റെ കറകള്‍ നമ്മെ ഭാരപ്പെടുത്തട്ടെ.
വിനായക് നിര്‍മ്മല്‍