മുംബൈ: മൂംബൈയില്‍ അടുത്തയിടെ നടന്ന കോവിഡ് മൂലം മരണമടഞ്ഞവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ വൈദികര്‍ പങ്കെടുക്കുന്നില്ലെന്നും ബന്ധുക്കളാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലി സംസ്‌കാരം നടത്തിയതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് വിശദീകരണം നല്കിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 25 ന് തന്നെ ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നതായി അദ്ദേഹം പറയുന്നു.
സംസ്‌കാരം ശ്രദ്ധയോടും പരിഗണനയോടും കൂടിയായിരിക്കണം ചെയ്യേണ്ടത്. പൊതുവായ അനുസ്മരണ ബലികള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. മൃതദേഹം നേരിട്ടുതന്നെ സെമിത്തേരിയിലേക്ക് കൊണ്ടുവരണമെന്നും സംസ്‌കാരത്തിന് മുമ്പുള്ള എല്ലാ പ്രാര്‍ത്ഥനകളും നടത്തണമെന്നും വ്യക്തമാക്കിയിരുന്നു. പരേതരുടെ ബന്ധുക്കളുടെ ഭാഗഭാഗിത്തം നിജപ്പെടുത്തിയിരുന്നു.
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് വൈദികരെ വീടു സന്ദര്‍ശനത്തില്‍ നിന്ന് വിലക്കിയിരുന്നു. സംസ്‌കാരച്ചടങ്ങുകളില്‍ നിന്ന് മാറിനില്ക്കാന്‍ ഒരു നിര്‍ദ്ദേശവും വൈദികര്‍ക്ക് നല്കിയിരുന്നില്ലെന്ന് രൂപതയുടെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്. അപൂര്‍വ്വം ചിലവൈദികര്‍ സെമിത്തേരിയില്‍ നിന്ന് വിട്ടുനില്ക്കുന്നതായും എന്നാല്‍ ഭൂരിപക്ഷം വൈദികരും സഹാനുഭൂതിയോടെ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.