സൗഹൃദങ്ങളുടെ വിരുന്നുമേശ

ശിഷ്യന്മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്റെ
വക്ഷസിലേക്ക് ചാരിക്കിടന്നിരുന്നു (യോഹ: 13 -24).

ഇത് സൗഹൃദങ്ങളുടെ വിരുന്നുമേശയാണ്. പ്രാണനെപ്പോലെ താന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നവര്‍ക്കായി ഭൂമിയിലെ ജീവിതത്തിന്റെ അവസാനനാഴികളില്‍ വച്ച് ഒരുവന്‍ ഒരുക്കിയ അത്താഴവിരുന്നാണ്. കേഴുന്ന ദുഃഖവെള്ളിയുടെ ഗദ്ഗദങ്ങളില്‍ താനൊറ്റയ്ക്കാകുമെന്നറിയാമായിരുന്നിട്ടും പരാതികളില്ലാതെ അവനൊരു വിരു ന്നൊരുക്കുകയാണ്, തന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി.
ഈ വിരുന്നിന്റെ സമൃദ്ധി മറ്റെവിടെയാണ് നമുക്ക് കാണാനാവുക?

ഇത്തരമൊരു വിരുന്നിന്റെ സൗന്ദര്യം എന്നെ സത്യമായും ഇപ്പോള്‍ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്. അത് വിരുന്നിനുശേഷം സൗഹൃദങ്ങളുടെ മണിമുറ്റത്തുനിന്ന് അവന്‍ പോയത് മരണത്തിന്റെ മുഖത്തേക്ക് ആയതുകൊണ്ടും ഏറെ പ്രിയപ്പെട്ടവനെ തന്റെ നെഞ്ചോട് ചേര്‍ത്തണച്ചുപിടിച്ചിരുന്നതുകൊണ്ടുമാണ്. അതിന പ്പുറമുള്ള അവന്റെ വിരുന്നിന്റെ ആഴങ്ങളെ സ്വന്തമാക്കാന്‍ സത്യമായും ഇപ്പോള്‍ ഞാനാളല്ല.
അത്താഴം സമം വേര്‍പിരിയല്‍. ഓരോ അത്താഴവിരുന്നും ഓരോ വേര്‍പിരിയലാണ്, ഓരോരോയിടങ്ങളിലേക്ക്… അതുകൊണ്ടുതന്നെ ഇനിയൊരു വിരുന്നില്‍ പങ്കുച്ചേരാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂട എന്ന ആകുലത വിരുന്നുമേശയില്‍ നിന്ന് പിന്തിരിയുമ്പോള്‍ ഓരോരുത്തരുടെയുള്ളിലും ഉണ്ടാവണം. കാരണം, ഈ അത്താഴമേശ ഒരു പ്രതീകമാണ. ഏതൊക്കയോ ചില അടയാളങ്ങളിലേക്ക് അത് വിരല്‍ ചൂണ്ടുന്നുണ്ട്. അര്‍ത്ഥം കല്പിക്കുന്നുമുണ്ട്.
എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല, അവസാന വിരുന്ന് തന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമായി അവന്‍ ഒരുക്കിയത് എന്തിനെന്ന്… അല്ലെങ്കില്‍ അവന്‍ ആ വിരുന്നില്‍ മറ്റാരെയും പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന്…

അമ്മ മേരി, പിന്നെ മഗ്ദലനക്കാരി, മര്‍ത്ത… അങ്ങനെ അവന് പ്രിയപ്പെട്ടവരെന്ന് ബൈബിള്‍ പേരെടുത്ത് പറയുന്ന പലരുമുണ്ടായിട്ടും അവരെയൊന്നും ക്ഷണിക്കാതെ, ഇങ്ങനെ തന്റെ സുഹൃത്തുക്കളുമായി മാത്രം ഭൂമിയിലെ ജീവിതത്തിന്റെ അവസാനനേരങ്ങള്‍ ചെലവഴിക്കാന്‍ അവന്‍ തീരുമാനിച്ചത് എന്തുകൊണ്ടാവണം? ഈയൊരു വിരുന്നിന് പിന്നില്‍ ഒരു ചാന്ദ്രവെളിച്ചത്തിന്റെ മുഴുവന്‍ ശോഭയുണ്ട്. അതാവട്ടെ സൗഹൃദങ്ങളെ അവന്‍ ഏറ്റവും വിലപിടിപ്പുള്ളതായി കണ്ടു എന്നതല്ലാതെ മറ്റെന്താണ്?

(അല്ലെങ്കില്‍ ഈ ലോകത്ത് സൗഹൃദത്തെക്കാള്‍ വലുതായി എന്താണുള്ളത്? ഇടയ്ക്കിടയെല്ലാം സ്‌നേഹക്കൂടുതല്‍കൊണ്ടുള്ള പിണക്കങ്ങള്‍, ഏറെ മനസ്സിലായതുകൊണ്ടുള്ള തെറ്റിദ്ധാരണകള്‍, തീക്ഷ്ണമായി സ്‌നേഹിക്കുവാന്‍ വേണ്ടിയുള്ള വെറുപ്പുകള്‍… അടുക്കാന്‍ വേണ്ടിയുള്ള അകലങ്ങള്‍… കൂടുതല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയുള്ള വാഗ്വാദങ്ങള്‍… സൗഹൃദം ഒരൊറ്റ ലേബലില്‍ മാത്രം വിറ്റഴിക്കാവുന്ന ഒന്നല്ല. അതിന്റെ മാനങ്ങള്‍ നിരവധിയാണ്. സുഹൃത്ത് ഒരുപമയാണ്. ഞെട്ടരുത്, രാത്രികളില്‍ എന്തിനോ ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥതപ്പെടുന്ന കുഞ്ഞിന്റെ ചുണ്ടിനിടയിലേക്ക് മുലക്കണ്ണുകള്‍ തിരുകികൊടുത്ത്, വാത്സല്യത്തോടെ പുറത്ത് തട്ടിയുറക്കുന്ന അമ്മയും യഥാര്‍ത്ഥ സുഹൃത്തും തമ്മില്‍ ഏറെ ദൂരമില്ല. അതുതന്നെയാണ് ഈ ഉപമയും.)

എല്ലാ സുഹൃത്തുക്കളും ധ്യാനിക്കേണ്ട ഒന്നാണീ വിരുന്ന്. സുഹൃത്തിനുവേണ്ടി നല്കാന്‍ നിനക്കെന്തുണ്ട്? സഹതാപത്തോ ടെയല്ല, സ്‌നേഹത്തോടെ നിന്റെ വിരുന്നുമേശയിലേക്ക് വരുവാനും നിന്റെ സുഖദുഃഖങ്ങളുടെ അപ്പക്കഷണങ്ങള്‍ കഴിക്കാനും നിനക്കെത്ര സുഹൃത്തുക്കളുണ്ട്?
എല്ലാ വിരുന്നും ആഹ്ലാദത്തിന്റേതാണ്; വിരുന്നൊരുക്കിയ ഞാനും എന്റെ പ്രിയപ്പെട്ടവരും മാത്രമാകുന്ന സന്തോഷത്തിന്റെ നിമിഷങ്ങള്‍… പക്ഷേ ഈ വിരുന്ന് മാത്രം… ഇവിടെ എല്ലാവരും സന്തോഷിച്ചിട്ടും വിരുന്നൊരുക്കിയവന് മാത്രമറിയാവുന്ന ഉള്ളുരുക്കങ്ങള്‍…നൊമ്പരത്തിന്റെ കടലാഴങ്ങള്‍

(അല്ലെങ്കില്‍ ഏതൊരു വിരുന്നിന്റെയും പിന്നിലെ പ്രയാസങ്ങളെക്കുറിച്ച് വിരുന്നില്‍ പങ്കെടുക്കുന്ന ഒരാളും അറിയാറില്ലല്ലോ). ആ വിരുന്ന് അവന്റെ മാത്രം ആവശ്യമായിരുന്നു; ആഗ്രഹവും.
‘യേശു പത്രോസിനെയും യോഹന്നാനെയും
അയച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ പോയി നമുക്ക് പെസഹാ
ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍…’ (ലൂക്ക 22::8- 13).

എല്ലാവരെയും സ്‌നേഹിച്ചിട്ടും അവന്‍ ചിലരെ മാത്രം പ്രത്യേകമായി തിരഞ്ഞെടുത്തു. പിന്നെയും അവരിലും ചിലരെ അവന്‍ കൂടുതലായി കരുതി. യോഹന്നാന്‍, യാക്കോബ്, പത്രോസ്. പിന്നെ അതില്‍ നിന്നും ഒരുവനെ മാത്രം അവന്‍ തന്റെ ഹൃദയത്തുടിപ്പാക്കി മാറ്റി, യോഹന്നാനെ… തന്റെ ആയുസിന്റെ അവസാനത്താളുകളില്‍ കുറിച്ചുവയ്ക്കാന്‍ ഒരേയൊരു പേരായി ആ പ്രിയപ്പെട്ടവന് മാത്രം തന്റെ വക്ഷസില്‍ മുഖം ചേര്‍ക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ വിരുന്നുമേശയുടെ മുഴുവന്‍ ശ്രദ്ധയും തീര്‍ച്ചയായും യോഹന്നാന്‍ തന്നെയായിരുന്നു. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ അസൂയയോ സങ്കടമോ ഒക്കെ തോന്നിയിരിക്കണം. എന്റെ സ്‌നേഹ മെന്തേ അവന്‍ തിരിച്ചറിഞ്ഞില്ല. ഇവനെക്കാള്‍ കൂടുതല്‍ ഞാന്‍ ഗുരുവിനെ സ്‌നേഹിക്കുന്നുണ്ടല്ലോ. എന്നിട്ടും അവന്‍ എന്നെ തന്റെ നെഞ്ചോട് ചേര്‍ത്തില്ലല്ലോ.
സ്‌നേഹവും സൗഹൃദവും മറ്റുള്ളവരുടെ മുമ്പില്‍ ഏറ്റുപറയേണ്ട ഒന്നാണെന്ന് അവനറിയാം. കൂടുതലായുള്ള സ്‌നേഹങ്ങള്‍ പ്രത്യേകിച്ചും… അതുകൊണ്ടവന്‍ ചുറ്റുമുള്ളവരോടായി തന്റെ സ്‌നേഹം ഉറക്കെ പ്രഖ്യാപിക്കുകയാണ്,
”എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരായിരിക്കെതന്നെ ഇവന്‍ എനിക്ക് അതിലും പ്രിയപ്പെട്ടവനാണ്. യേസ്, ഹീയിസ് സംതിങ്ങ് സ്‌പെഷ്യല്‍ റ്റുമീ.”

”വാക്കുകള്‍ ഹൃദയത്തില്‍ നിന്നാണെങ്കില്‍ മടിക്കുന്നതെന്തിന്, അതുറക്കെ പറയൂ, മറ്റുള്ളവരും കേള്‍ക്കട്ടെ.”
ഒരാള്‍.. ഒരാളെങ്കിലും വേണം കൂടുതലായി നിനക്ക് സ്‌നേഹിക്കാന്‍, ഒരാളെയെങ്കിലും നിനക്ക് വിശ്വസിക്കാന്‍ കഴിയണം. എല്ലാവരും അടുത്തുനില്ക്കവേ തന്നെ, നിനക്ക് ഒരാളെയെങ്കിലും കൂടുതല്‍ സ്‌നേഹത്തോടെ തന്നോട് ചേര്‍ത്തുനിര്‍ത്താനാവണം. നമ്മളെ കൂടുതലായി സ്‌നേഹിക്കുന്നവരെയല്ല, നമ്മള്‍ കൂടുതല്‍ സ്‌നേഹിക്കുന്നവരെയാണ് നമുക്ക് വേണ്ടത്. അതാണവന്‍ ചെയ്തതും.

(എന്നിട്ടും അവന്‍ ആത്മാവില്‍ അസ്വസ്ഥതപ്പെട്ടിരുന്ന മുള്‍ച്ചെടികളുടെ പൂങ്കാവനത്തില്‍, തീവ്രദു:ഖത്താല്‍ മരണത്തോളം എത്തിയ അവസ്ഥയില്‍ അവനോടൊപ്പം ഉണര്‍ന്നിരിക്കാന്‍ ഈ പ്രിയപ്പെട്ടവനും കഴിഞ്ഞില്ലല്ലോ എന്നത് എന്നെ എന്നും വിഷമിപ്പിക്കുന്നു, അവന്‍ അത് ആഗ്രഹിച്ചിരുന്നതുമാണല്ലോ. എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലേ (മത്തായി 26:41). സ്‌നേഹം പരാതിപ്പെടും. എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറയും, ഏറെ കൊടുത്തവനില്‍നിന്ന് ഏറെ പ്രതീക്ഷിക്കും. അതൊരു തെറ്റല്ല സുഹൃത്തേ).

ഇതെന്തുകൊണ്ട് എന്ന് സംശയിക്കരുത്, കലഹിക്കയുമരുത്… ചില സ്‌നേഹങ്ങള്‍, സൗഹൃദങ്ങള്‍ അങ്ങനെയാണ്. നൊന്തു പ്രസവിച്ച അമ്മയ്ക്കുപോലും തന്റെ എല്ലാ മക്കളും ഒരേപോലെയല്ല. ഏതൊക്കയോ ചില പാത്രങ്ങളില്‍ അമ്മ ഇത്തിരി കൂടുതല്‍ ‘വിളമ്പു’ന്നുണ്ട്; അത് സമ്മതിച്ചുതരാന്‍ അവര്‍ മനസ്സ് കാണിക്കാറില്ലെങ്കിലും.

(ചേട്ടായിക്ക് വിരുന്നുമേശയില്‍ അതിഥികള്‍ക്കൊപ്പം മുന്തിയ
സ്ഥാനം. മാത്രവുമല്ല ചേട്ടായിക്കും കുഞ്ഞേച്ചിക്കും അമ്മ കൂടുതല്‍ വിളമ്പുകയും ചെയ്യുന്നു. അടക്കി നിര്‍ത്തിയ ആ സങ്കടത്തോടെ അടുക്കളയിലെ ബെഞ്ചിലിരുന്ന് കണ്ണുനിറഞ്ഞ് ചോറ് വാരിത്തിന്നുന്ന കുട്ടി മായാത്ത ഒരു ചിത്രമാണ്. എത്ര കൊടുത്തിട്ടും എത്ര സ്‌നേഹിച്ചിട്ടും എത്ര മനസ്സിലാക്കിയിട്ടും ഒരിടത്തും ഒന്നാമതായി പരിഗണിക്കപ്പെടുന്നില്ലല്ലോയെന്ന തേങ്ങല്‍ അവന്റെയുള്ളില്‍ രൂപപ്പെട്ടത് ഇങ്ങനെയാവാം. എത്ര ശ്രമിച്ചിട്ടും മാറ്റിയെഴുതാന്‍ കഴിയാത്ത ഒരു ശൈലി പോലെ ഇത്തരം ചില സങ്കടങ്ങള്‍ അവന് ഒഴിയാബാധയാകുന്നു).

അതുപോലെ പന്ത്രണ്ട് പേരില്‍ ഒരുവന്‍ മാത്രം ഏറ്റവും പ്രിയപ്പെട്ടവനാകുന്നു, എല്ലാവരുടെയും മധ്യേ അവനെ ഉന്നതനായി പ്രതിഷ്ഠിക്കുന്നു. ‘ഫേവറിസം’ പുതിയൊരു വാക്കല്ല തന്നെ. അതിനെതിരെ മുഖം വീര്‍പ്പിക്കേണ്ടതുമില്ല.
തനിക്ക് കിട്ടിയ സ്ഥാനത്തിന്റെ വലിപ്പം അപ്പോഴൊന്നും തീര്‍ച്ചയായും യോഹന്നാന്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അത് യോഹന്നാന്‍ മാത്രമല്ല, നമ്മളും അങ്ങനെ തന്നെയാണല്ലോ… പിന്നെ, സ്ഥാനം നല്കിയിരുന്ന ആള്‍ കണ്ണടച്ച് തുറക്കുംമുമ്പേ വേര്‍പിരിഞ്ഞകലുമ്പോഴോ ഒരിക്കലും ഇനി കണ്ണുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടില്ലെന്ന് ഞെട്ടലോടെ തിരിച്ചറിയുമ്പോഴോ ആണ് അത്തരം സ്ഥാനങ്ങളുടെ മൂല്യം നമ്മള്‍ തിരിച്ചറിയുന്നത്. അതുവരെ കിട്ടുന്നതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെയും കിട്ടിയ സ്ഥാനങ്ങള്‍ക്ക് വിലയിടിവ് നല്കിയും നമ്മള്‍ വെറുതെ കലഹിച്ചുകൊണ്ടേയിരിക്കും. അങ്ങനെ എത്രയെത്ര ബന്ധങ്ങള്‍…

മലമുകളിലും കടല്‍ത്തീരങ്ങളിലും തോളോട് തോള്‍ ചേര്‍ന്നും ഉള്ളും ഉള്ളതുമൊക്കെ പങ്കിട്ടും കഴിഞ്ഞിരുന്നവര്‍… സ്‌നേഹവും സൗഹൃദവുമൊക്കെ എത്ര ഭക്ഷിച്ചിട്ടും മതിയാവാത്ത അപ്പക്കഷണങ്ങള്‍പോലെയും തീരാത്ത അപ്പക്കുട്ടകള്‍ പോലെയുമായിരുന്നു അവര്‍ക്ക്.

എക്കാലവും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ശിഷ്യന്മാര്‍ കരുതിയിരുന്നതും. പക്ഷേ ഗുരുവിനറിയാമായിരുന്നു, ഈ യാത്രകള്‍ ഇനിയും ഒരുപാട് നീളില്ലെന്ന്… ദൃശ്യസാന്നിധ്യമായി ഇവര്‍ക്കിനി ഏറെ നാള്‍ തന്റെ സ്‌നേഹവും സൗഹൃദവും അനുഭവിക്കാനാവില്ലെന്ന്…
എല്ലാമറിയുന്നവന്‍ ഗുരു. അതുകൊണ്ടാണവന്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി വിരുന്നൊരുക്കിയത്. സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ വിരുന്ന്…
ഒറ്റിക്കൊടുക്കുമെന്നും തള്ളിപ്പറയുമെന്നും തനിക്കറിയാവുന്നവരെയും അവന്‍ പക്ഷേ തന്റെ വിരുന്നില്‍ നിന്നൊഴിവാക്കിയില്ല. അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും (മര്‍ക്കോ. 14-18).
അല്ലെങ്കില്‍ ഈ വിരുന്ന് അവരിലെ ഹൃദയകാഠിന്യങ്ങള്‍ കഴുകിക്കളഞ്ഞേക്കാം എന്നും അവന്‍ പ്രതീക്ഷിച്ചിരിക്കാം.

പക്ഷേ വിരുന്നുവിഭവങ്ങളില്‍ കണ്ണീര് കലര്‍ത്താന്‍ എന്നേ തീരുമാനിച്ചിരുന്നവന് അവന്റെ ഹൃദയനൈര്‍മ്മല്യങ്ങളില്‍ സ്‌നാനപ്പെടാന്‍ വയ്യല്ലോ. ആ കഠിനഹൃദയത്തിന് മാത്രം ആ വിരുന്ന് കയ്‌പ്പേറിയതായിരിക്കണം. വീണ്ടും സംശയിക്കുന്നു, എങ്ങനെയാണ് അവന് ആ ശിഷ്യന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാവുക? അവനോട് ക്ഷമിക്കാനാവുക? കാരണം, ”ശത്രുവല്ല എന്നെ നിന്ദിക്കുന്നത് ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു, എതിരാളിയല്ല എന്നോട് ധിക്കാരപൂര്‍വ്വം പെരുമാറുന്നത്. ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍ നിന്ന് മറഞ്ഞിരിക്കുമായിരുന്നു. എന്നാല്‍ എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അത് ചെയ്തത്. നമ്മള്‍ ഉള്ളുതുറന്ന് സംസാരിക്കുമായിരുന്നു, നമ്മളൊന്നിച്ച് ദേവാലയത്തില്‍ കൂട്ടായ്മ ആചരിക്കുമായിരുന്നു…”
മാറോട് ചേര്‍ത്തു നിര്‍ത്തിയവനെയും തന്നെ മാറത്തുനിന്ന് തള്ളിനീക്കാനിരിക്കുന്നവനെയും ഒരേ പന്തിയിലിരുത്തിക്കൊണ്ട് അവന്‍ പിന്നീട് ചെയ്തതെന്താണ്? ‘

‘അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാലകൊണ്ട് തുടയ്ക്കാനും തുടങ്ങി (യോഹ: 13:4-6).
നീ ബലിയര്‍പ്പിക്കാന്‍ വരുന്നതിന് മുമ്പ് നിന്റെ സഹോദരില്‍ ആരോടെങ്കിലും നിനക്ക് വിരോധമുണ്ടെങ്കില്‍ എന്നല്ല, നിന്നോട് ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ നിന്റെ ബലിവസ്തു അവിടെ വച്ചിട്ട് അവനുമായി രമ്യതപ്പെടുക എന്ന വചനം അവന്‍ തന്റെ ജീവിതത്തില്‍തന്നെ പ്രാവര്‍ത്തികമാക്കുകയായിരുന്നു. സ്വന്തം ജീവിതത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്തതൊന്നും അവന്‍ ആരോടും പറഞ്ഞില്ല. വാക്കും പ്രവൃത്തിയും ജീവിതത്തില്‍ ഒന്നുപോലെ സംഗമിച്ച ഒരേയൊരു വ്യക്തി.

എല്ലാ കാലത്തേക്കും എല്ലാ ലോകത്തേക്കുമായി ധന്യമായ ഒരു മാതൃകയാണ് അവന്‍ കാണിച്ചു തന്നത്. ”ഞാന്‍ നിങ്ങളോട് ചെയ്തതു പോലെ നിങ്ങള്‍ മറ്റുള്ളവരോടും ചെയ്യുക.” മറ്റൊരാള്‍ നിന്നെ പരിഗണിക്കുന്നില്ലെങ്കില്‍, നിനക്കെതിരെ ഒരു പുഞ്ചിരിപോലും നീട്ടുന്നില്ലെങ്കില്‍ നീ പരാതിപ്പെടുന്നതെന്തിന്? നിനക്ക് അവനോട് എങ്ങനെയെന്ന് ചിന്തിക്കുക, അതിന് വ്യക്തവും സത്യസന്ധവുമായ മറുപടി കിട്ടിയിട്ട് മതി പിന്നെയെല്ലാം… അന്നേവരെ അവര്‍ നടന്നുതീര്‍ത്ത വഴികളുടെ മുഴുവന്‍ പാപമാലിന്യങ്ങളും കഴുകിക്കളയലായിരുന്നു അവിടെ സംഭവിച്ചത്. അതിനുശേഷം ആ പാദങ്ങളില്‍ അവന്‍ ചുംബിച്ചു. വി.ഗ്രന്ഥം വായനയ്ക്കുശേഷം മടക്കിച്ചേര്‍ത്ത് ചുംബിക്കുന്നതുപോലെ വിശുദ്ധമായിരുന്നു അത്. ആ നിമിഷത്തിന്റെ മുഴുവന്‍ പവിത്രതയും തിരിച്ചറിഞ്ഞിട്ട് തന്നെയാകണം ശിഷ്യരില്‍ ഒരുവന്‍ എങ്കില്‍ നീയെന്നെ മുഴുവനും കഴുകണമേയെന്ന് അവനോടപേക്ഷിച്ചത്.

തുടര്‍ന്നാണ് ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥപൂര്‍ണ്ണിമയെ ഭാവസാന്ദ്രമാക്കുന്ന ഈ രംഗം നടന്നത്. ”അവന്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്ക് നല്കിക്കൊണ്ട് അരുളിച്ചെയ്തു വാങ്ങി ഭക്ഷിക്കുവിന്‍, ഇത് എന്റെ ശരീരമാണ്…” (മത്താ. 26-26:29). സ്‌നേഹിതനുവേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് പറഞ്ഞുതന്നവന്റെ ആത്മാര്‍പ്പണം. ഇതില്‍ നിറയെ സ്‌നേഹമുണ്ട്. അനന്തമായ സ്‌നേഹം തന്നെ… കാരുണ്യമുണ്ട്, അഗാധമായ കാരുണ്യം തന്നെ… ക്ഷമയുണ്ട്, അപാരമായ ക്ഷമ തന്നെ…

ഉള്ളിലേക്കെത്താനുള്ള ഉപാധിയാണ് ഉടല്‍… ഉടലിനെ അറിയുക ഉള്ള് മനസ്സിലാക്കുകതന്നെയാണ്. ഞാന്‍ നിന്റെ ഉടലിന്റെ വ്യാകരണവും അതിന്റെ സന്ത്രാസവും അറിഞ്ഞതുപോലെ
ഇതാ ഇപ്പോള്‍ നിനക്കായ് ഞാനെന്റെ ഉടലിന്റെ നോവുകള്‍ പകുത്തുതരുന്നു… കാരണം ഉടല്‍ വിശുദ്ധവും മറച്ചുവയ്ക്കാന്‍ കഴിയാത്തതുമാണ്. ഞാനെന്നെന്നും ഓര്‍മ്മിക്കപ്പെടുവാന്‍.. എന്റെ സ്‌നേഹത്തെ ലോകം മുഴുവന്‍ അറിയാന്‍…
ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുകയെന്നത് ഒരു വലിയ തെറ്റൊന്നുമല്ല… സ്‌നേഹിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ വേണ്ടി കോപ്രായങ്ങളെന്ന് നാം വിലകുറച്ച് പറയുന്ന കാട്ടിക്കൂട്ടലുകള്‍ പോലും അത്ര പരിഹസിക്കപ്പെടേണ്ടവയല്ലെന്ന് തോന്നിപ്പോവുകയാണ്.

ഒഴുകിപ്പോകുന്ന ജലം പോലെ ഒരടയാളവും പിന്നില്‍ അവശേഷിപ്പിക്കാതെയല്ല ഇവന്‍ നമ്മെ കടന്നുപോയിരിക്കുന്നത്. ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഒരു സൗഹൃദത്തിന്റെ വിശുദ്ധി ഇവനിലാണ് നമ്മള്‍ കാണുന്നത്. കടന്നുപോയതും വരാനുള്ളതുമായ എല്ലാ സുഹൃത്തുക്കള്‍ക്കും എന്നേക്കും മാതൃക. അതുകൊണ്ട് ഈ മനുഷ്യന്‍ സത്യമായും എന്നെ അത്ഭുതപ്പെടുത്തുന്നു.