നിങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണികവുമാണ്. അവയുടെ ഫലമോ അനുപമമായ മഹത്വവും( 2 കോറി 4:17)
കൊടുമുടികള്‍ കയറുന്നവരെക്കുറിച്ച് വായിച്ചിട്ടില്ലേ, എത്രയെത്ര തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അവര്‍ തങ്ങളുടെ ആരോഹണം പൂര്‍ത്തിയാക്കുന്നത്. എത്രയോ കഷ്ടപ്പാടുകളിലൂടെ അവര്‍ക്ക് ഒരൊറ്റ നിമിഷത്തിന്റെ സന്തോഷത്തിനും മഹത്വത്തിനും വേണ്ടി കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്.!
കൊടുമുടികള്‍ കീഴടക്കി ലോകത്തിന്റെ നെറുകയില്‍ നിന്നെന്നോണം ചുണ്ടോട് കരം ചേര്‍ത്ത് അകലേക്ക് നീട്ടിക്കൂവുമ്പോള്‍ പിന്നിട്ടുവന്ന എല്ലാ വൈതരണികളും പ്രയാസങ്ങളും അവര്‍ക്ക് ഓര്‍മ്മമാത്രമാകുന്നു. മണ്ണില്‍ പണിയെടുത്ത് വിത്തിനെ കായ്ഫലമാക്കി മാറ്റിക്കഴിയുമ്പോള്‍ ഒരു കര്‍ഷകന്‍ ഒരിക്കലും താന്‍ ചിന്തിയ വിയര്‍പ്പിനെയും കൊണ്ട വെയിലിനെയും ഓര്‍ക്കാറില്ല.
കാരണം അയാള്‍ക്കറിയാം വിയര്‍ക്കാതെ ഫലങ്ങള്‍ ചൂടുകയില്ലെന്ന്. എപ്പോഴും ഉദാഹരിക്കുന്നതുപോലെ വേദനയെടുത്ത് പ്രസവിക്കുന്ന ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കാണുന്ന മാത്രയില്‍ എല്ലാ വേദനകളും മറക്കുന്നു. അപ്പോള്‍ ഇത്രയുമേയുള്ളു കാര്യം. വേദനയുണ്ട്,നിഷേധിക്കുന്നില്ല, പ്രയാസങ്ങളുണ്ട് അതും നിഷേധിക്കുന്നില്ല. പക്ഷേ അവയൊന്നും ഇല്ലാതെ വിജയങ്ങളില്ല, നേട്ടങ്ങളില്ല.വലിയൊരു മഹത്വത്തിലേക്ക് പ്രവേശിക്കാന്‍ നമുക്ക് ചില ക്ലേശങ്ങള്‍ അത്യാവശ്യമാണ്.
പക്ഷേ ആ ക്ലേശങ്ങള്‍ നിമിനേരത്തേക്ക് മാത്രമാണ്. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും തയ്യാറല്ലാത്ത ഒരുവള്‍ക്ക് കുഞ്ഞെന്ന സമ്പാദ്യമോ സന്തോഷമോ ലഭിക്കുന്നില്ല. ജീവിതത്തില്‍ മഹത്വവും ഉയര്‍ച്ചയും ആഗ്രഹിക്കുന്നുവെങ്കില്‍ നാം ഓരോരുത്തരും ചില ക്ലേശങ്ങളിലൂടെ കടന്നുപോയേ തീരു. നിരാശപ്പെടരുത്. സങ്കടപ്പെടരുത്. പിറുപിറുക്കരുത്.
വലിയ മഹത്വം നമ്മെ കാത്തിരിക്കുന്നു.
ശുഭരാത്രി
വി എന്‍