ബെയ്ജിംങ്: ബിഷപ് ജെയിംസ് സിമിനെ കാണാതെയായിട്ട് പതിനേഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന കാര്യത്തെക്കുറിച്ച് ഇനിയും അന്തിമമായ അറിയിപ്പും ഉണ്ടായിട്ടില്ല. എങ്കിലും അദ്ദേഹം മരിച്ചുപോയിരിക്കാം എന്നാണ് പൊതു നിഗമനം. അതിനെ സാധൂകരിക്കുന്ന വിധത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന് പകരക്കാരനായിസഹായമെത്രാനെ നിയമിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്..
ജീവിച്ചിരിപ്പുണ്ടെങ്കില്‍ ബിഷപ് ജെയിംസിന് ഇപ്പോള്‍ പ്രായം 88 ആകുമായിരുന്നു. ബാവോഡിങ്ങിലെ ഒരു കത്തോലിക്കാ ഹോസ്പിറ്റലില്‍ നിന്ന് 2003 ലാണ് അദ്ദേഹത്തെ കാണാതെയായത്. അതും ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷവും. അതിന് ശേഷം ഇന്നുവരെ അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗമാകാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു 1997 ല്‍ ബിഷപ്പ് ജെയിംസിനെ അറസ്റ്റ് ചെയ്തത്.
ഈ സാഹചര്യത്തിലാണ് സഹായമെത്രാന്‍ ഫ്രാന്‍സിസ് ആന്‍ ഷുക്സിനെ മെത്രാന്‍സ്ഥാനത്തേക്ക് നിയമിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ടത്. 71 കാരനായ ബിഷപ് ആന്‍ അണ്ടര്‍ഗ്രൗണ്ട് സഭയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. 1993 ല്‍ വളരെ രഹസ്യമായിട്ടാണ് മെത്രാഭിഷേകം നടന്നത്. 1996 മുതല്‍ 2006 വരെ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു.
തന്നെ മെത്രാനായി വാഴിക്കുന്നതിനെക്കുറിച്ച് ചൈനീസ് ഭരണകൂടം വത്തിക്കാന്റെ അനുവാദം തേടുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിഷപ് ആന്‍ പ്രതികരിച്ചു. ബിഷപ് ജെയിംസ് ആണ് രൂപതയുടെ ഔദ്യോഗിക മെത്രാന്. ഞാന്‍ സഹായമെത്രാനാണ്. ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. വീട്ടുതടങ്കലില്‍ നിന്ന് മോചിതനായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ഭരണാധികാരികളോട് അന്വേഷി്ച്ചിരുന്നു. പക്ഷേ അവരൊന്നും വ്യക്തമാക്കിയിട്ടില്ല.
മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയും വത്തിക്കാനും തമ്മിലുള്ള ഉടമ്പടി പുതുക്കുന്നതിനായി പ്രതിനിധികള്‍ ഈ മാസം കണ്ടുമുട്ടുമെന്നും വാര്‍ത്തയുണ്ട്.