ശാന്തം


യേശു ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട്് കടലിനോട് പറഞ്ഞു അടങ്ങുക, ശാന്തമാവുക( മര്‍ക്കോ 4/39)

ശരിയാണ് പുറത്ത് കാറ്റും മഴയുമുണ്ട്, ചിലപ്പോഴൊക്കെ അകത്തും. പക്ഷേ എന്നിട്ടും എന്തുകൊണ്ടാണ് കര്‍ത്താവിനെ വിളിക്കാത്തത്. അതാണ് സംശയം. അതാണ് പ്രശ്‌നവും.

പുറത്തെ കാറ്റും മഴയും ഇളക്കങ്ങളും രോഗങ്ങളും സാമ്പത്തികപ്രതിസന്ധിയും തൊഴില്‍ അസ്ഥിരതയും പോലെയുള്ള ഘടകങ്ങളാണ്. കുടുംബപ്രശ്‌നങ്ങളും അയല്‍വക്കബന്ധങ്ങളിലെ ഇടര്‍ച്ചകളുമെല്ലാം അതിന്റെ തുടര്‍ച്ചകളാണ്. അകത്തെ പ്രശ്‌നങ്ങളാകട്ടെ നാം തന്നെ ഉള്ളില്‍ കൊണ്ടുനടക്കുന്ന, നമ്മുടെ തന്നെ ഉള്ളിലുള്ള വേവലാതികളും ആകുലതകളും സംഘര്‍ഷങ്ങളുമാണ്. ബന്ധങ്ങളിലെ ഉരസല്‍ മുതല്‍ വിഷാദം പോലെയുള്ള എത്രയെ കാറ്റുകളാണ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലായി ചുറ്റിക്കറങ്ങുന്നത്.

നാം വിചാരിക്കുന്നുണ്ട് ഇതൊക്കെ നമുക്ക് തന്നെ ശാന്തമാക്കാവുന്നതും പരിഹരിക്കാവുന്നതുമേയുള്ളൂവെന്ന്. നാം നമ്മില്‍ തന്നെ അമിതമായി ആശ്രയിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില മിഥ്യാവിചാരങ്ങളാണ് അവയെല്ലാം. ഒരു പ്രശ്‌നം നാം വ്യക്തിപരമായി പരിഹരിക്കുന്നുണ്ടെങ്കില്‍ തന്നെ അതൊരിക്കലും നമ്മുടെ കഴിവുകൊണ്ട് മാത്രമാണെന്ന് വിചാരിക്കരുത്.പ്രത്യേകിച്ച് ഒരു ദൈവവിശ്വാസി. കാരണം ദൈവം നല്കിയ കഴിവിനെ വിവേകത്തോടെ പ്രയോഗിച്ചതുകൊണ്ടാണ് ആ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

അതുകൊണ്ട് പ്രശ്‌നങ്ങളില്‍ നാം വട്ടംകറങ്ങുമ്പോള്‍, കാറ്റും പേമാരിയും ജീവിതനൗക മുക്കിക്കളയുമെന്ന് ഭയക്കുമ്പോള്‍ അവനെ വിളിക്കുക. അവന് മാത്രമേ നമ്മുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയൂ. അവന് മാത്രമേ അവ പരിഹരിക്കാന്‍ കഴിയൂ. അവനെ വിളിക്കാത്തിടത്തോളം കാലം, അവനെ പ്രശ്‌നത്തിലേക്ക് ക്ഷണിക്കാത്തിടത്തോളം കാലം കാറ്റും പേമാരിയും അടങ്ങുകയില്ല.

നിന്റെയും എന്റെയും ജീവിതത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങളിലേക്ക് ഇനിയെങ്കിലും അവനെ വിളിക്കുക. അതൊരു നെടുവീര്‍പ്പുപോലുമാകാം. എന്റെ ഈശോയേ എന്ന വിളി മാത്രമായാലും മതി. അപ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ ശാന്തമാകുന്നത് നാം അറിയും.

എല്ലാ പ്രശ്‌നങ്ങളും അവന്റെ കൈയിലേക്ക് വച്ചുകൊടുക്കുന്നതോടെ ഭാരം ഇറക്കിവച്ച വഴിയാത്രക്കാരനെപോലെ നാം ആശ്വാസം കൊളളും. ഇനി ജീവിതം സ്വസ്ഥം. ഹൃദയം ശാന്തം. ഇനി ശാന്തമായി ഉറങ്ങിക്കൊള്ളുക. കാവലായ് തലയ്ക്കല്‍ അവനുണ്ട്. അവന്‍ മാത്രം.
ശുഭരാത്രി
വിഎന്‍