ജിം കാവൈസെല് എന്ന് പറയുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. പക്ഷേ പാഷന് ഓഫ് ദ ക്രൈസ്റ്റ് എന്ന് പറയുമ്പോള്‍ പെട്ടെന്ന് ആളെ തിരിച്ചറിയും. പ്രസ്തുത ചിത്രത്തില്‍ ക്രിസ്തുവായി വേഷമിട്ടത് ജിം ആയിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സാധാരണയായി നടന്മാരുടെ അഭിനയജീവിതവും യഥാര്‍ത്ഥജീവിതവും തമ്മില്‍ യാതൊരു സാമ്യവും കാണുകയില്ല. ഹീറോയായി വേഷമിടുന്ന നടന് ജീവിതത്തില്‍ വില്ലനായി മാറുന്നത് നാം കണ്ടിട്ടുണ്ടല്ലോ. പക്ഷേ ജിം അങ്ങനെയല്ല. യഥാര്‍ത്ഥ വിശ്വാസിയാണ് അദ്ദേഹം.
താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി കത്തോലിക്കാവിശ്വാസം തള്ളിപ്പറയാന്‍ മടിക്കാത്തവര്ക്കിടയില് ജിം അപവാദമാണ്. താന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നുവെന്ന് തുറന്നുപറയാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. സെലിബ്രിറ്റികള്‍ പലപ്പോഴും മറ്റ് നടിമാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജിം പൊതുവേദികളില്‍ ഭാര്യയുമായി മാത്രമാണ് വേദി പങ്കിടാറ്. കാന്‍സര്‍ രോഗികളായ, വീട്ടുകാരുടെ സ്നേഹവും പരിചരണവും ആവശ്യമുള്ള മൂന്ന് ചൈനീസ് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ മനസ്സ് കാണിച്ച വ്യക്തിയാണ് ഇദ്ദേഹം. പ്രോലൈഫ് കാഴ്ചപ്പാടുള്ള വ്യക്തിയാണ് ജിം.
വിശുദ്ധരായിത്തീരുക എന്നാണ് 2018 ല്‍ സ്കൂള്‍ കൂട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചത്. ലാളിത്യവും വിനയവും ജിമ്മിന്റെ മുഖമുദ്രയാണ്.