കോവിഡ്: ഓരോ ഇടവകയിലും മിനി ഹോസ്പിറ്റലുകള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി മാണ്ഡ്യരൂപത

മാംഗളൂര്: കോവിഡ് വ്യാപനം പെരുകിക്കൊണ്ടിരിക്കുമ്പോള്‍ ഓരോ രുപതയിലും 10 ബെഡുകളെങ്കിലുമുള്ള മിനി ഹോസ്പിറ്റല്‍ സജ്ജീകരിക്കണമെന്ന് മാണ്ഡ്യരൂപതാധ്യക്ഷന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ മാര്‍ഗ്ഗരേഖയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചെലവുകള്‍ ലഭ്യമോ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതോ അല്ല. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ നാട്ടുമരുന്നുകളും അലോപ്പതി മരുന്നുകളും ആവശ്യമെങ്കില്‍ പ്രോത്സാഹിപ്പിക്കണം.

സഭയുടെ കീഴിലുള്ള ക്വാറന്റൈന്‍ സെന്ററുകളില്‍ നല്ല ഭക്ഷണവും ശുചിയായ അന്തരീക്ഷവും ഉണ്ടായിരിക്കണം. രൂപതയിലെ ഓരോ കുടുംബവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോവിഡിന്റെ ഇരകളായി മാറിയിരിക്കുകയാണ്. ഈ അവസരത്തില്‍ പരസ്പരം സഹായിക്കേണ്ടിയിരിക്കുന്നു. കനത്ത മഴയ്ക്ക് ശേഷം ആകാശത്ത് മഴവില്ല് തെളിയും നമ്മുടെ ആളുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന നല്ല പിന്തുണ പകര്‍ച്ചവ്യാധിയുടെ കാലത്തും പ്രതീക്ഷയുടെ കിരണങ്ങളാണ്. ദൈവം നമ്മുടെ ഭാഗത്തുണ്ട്. അവിടുന്ന് നമ്മെ രക്ഷിക്കും. അദ്ദേഹം പറയുന്നു.

ബാംഗ്ലൂര്‍ രൂപതയും കര്‍ണ്ണാടക ഗവണ്‍മെന്റും ഒത്തൊരുമിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലാണ് മാണ്ഢ്യ രൂപത ഏര്‍പ്പെട്ടിരിക്കുന്നത്. രൂപതയിലെ കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഫാ. ജോമോന്‍ കോലഞ്ചേരി സിഎംഐ ആണ്. 70 ഇടവകകളാണ് മാണ്ഡ്യരൂപതയിലുള്ളത്.