ഫാ. ജാക്വെസ് ഹാമെലിന്റെ അനശ്വര ഓര്‍മ്മകള്‍ക്ക് നാല് വര്‍ഷം

ഫ്രാന്‍സ്: വിശുദ്ധ കുര്‍ബാന മധ്യേ തീവ്രവാദികള്‍ കഴുത്തറുത്തു കൊന്ന ഫാ. ജാക്വെസ് ഹാമെലിന്റെ സ്മരണകള്‍ക്ക് നാലു വര്‍ഷം പൂര്‍ത്തിയായി. ഇതോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു. റൂവെന്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക്ക് ലെബ്രണ്‍, റെയ്ംസ് ആര്‍ച്ച് ബിഷപ് എറിക് ദേ മൗലിന്‍സ് എന്നിവര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നിശ്ശബ്ദമായ പ്രദക്ഷിണം നടന്നു.

2016 ജൂലൈ 26 നാണ് ഫാ. ഹാമെല്‍ ദാരുണമായി കൊല്ലപ്പെട്ടത്. വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ ആയുധധാരികളായ രണ്ടുപേര്‍ ദേവാലയത്തിലേക്ക് കടന്നുവരികയും വൈദികനെ ഉള്‍പ്പടെ നാലുപേരെ ബന്ദികളാക്കുകയും ചെയ്തു. കഴുത്തുമുറിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 85 വയസുണ്ടായിരുന്നു. അക്രമികളെ പോലീസ് പിന്നീട് വെടിവച്ചുകൊന്നു. ലോകമനസാക്ഷിയെ മുഴുവന്‍ നടുക്കിക്കളഞ്ഞതായിരുന്നു ഹാമെലിന്റെ കൊലപാതം.

പുണ്യജീവിതം നയിച്ചവ്യക്തിയുടെ നാമകരണനടപടികള്‍ രൂപതാതലത്തില്‍ ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷം തികഞ്ഞിരിക്കണം എന്ന നിയമം മറികടന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ.ഹാമെലിന്റെ നാമകരണനടപടികള്‍ക്ക് പച്ചക്കൊടി കാട്ടിയിരുന്നു.