യുവജനങ്ങളേ, വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും നിങ്ങളുടെ വേരുകളാണ്, അവരെ തനിച്ചാക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രിയ യുവജനങ്ങളേ ഓരോ ഗ്രാന്റ് പേരന്റ്‌സും നിങ്ങളുടെ വേരുകളാണ്. അവരെ ഒരിക്കലും തനിച്ചാക്കരുത്. അവര്‍ നിങ്ങളില്‍ നിന്ന് അകന്നാണോ ഇപ്പോള്‍ ജീവിക്കുന്നത്, എങ്കില്‍ അവരെ സുരക്ഷാസംവിധാനങ്ങളോടെ കഴിയുമെങ്കില്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഒരു വീഡിയോ കോള്‍ ചെയ്യുക, ഒരു ആശംസാകാര്‍ഡ് അയ്ക്കുക. ആലിംഗനം ചെയ്യുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏകാകികളായി കഴിയുന്ന അവരുടെ ഏകാന്തത അകറ്റുന്ന വിധത്തില്‍ പ്രോത്സാഹനജനകമായ സന്ദേശങ്ങള്‍ അയ്ക്കുക. വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാള്‍ ദിനമായ ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളായ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാള്‍ നൂറ്റാണ്ടുകളായി സഭയില്‍ ആചരിച്ചുവരുന്നു.

ഗ്രാന്റ് പേരന്റ്‌സ് വേരുകളാണ്. ഒരു ചെടിയില്‍ പൂക്കളുണ്ടാകുന്നത് അതിന്റെ വേരുകളില്‍ നിന്നാണ്. വേരുകളില്ലാതെ നിലനില്പില്ല. അര്‍ജന്റീനിയന്‍ കവി ഫ്രാന്‍സിസ്‌ക്കോ ലൂയിസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.