ഓഗസ്റ്റ് രണ്ടിന് പൂര്‍ണ്ണ ദണ്ഡവിമോചനവുമായി പൊര്‍സ്യൂങ്കോള ബസിലിക്ക

അസ്സീസി: ഓഗസ്റ്റ് രണ്ടിന് പൊര്‍സ്യൂങ്കോള ബസിലിക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം. പതിവായി നടത്തിവരുന്ന പൂര്‍ണ്ണദണ്ഡവിമോചനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ നടക്കുമെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ റെക്ടര്‍ സിമോണെ അറിയിച്ചു. പക്ഷേ കോവിഡ് രോഗബാധയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടകര്‍ക്ക് ഇതിനുളള സൗകര്യം ഒരുക്കുന്നത്.

വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന, എന്നിവയ്‌ക്കൊപ്പം വിശ്വാസപ്രമാണം, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടാണ് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കേണ്ടത്. ഇറ്റലിയില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പൂര്‍ണ്ണദണ്ഡ വിമോചനത്തിനായി ഇവിടം സന്ദര്‍ശിക്കാറുണ്ട്. ജൂലൈ 30, 31 , ഓഗസ്‌ററ് 1 തീയതികളില്‍ ഇവിടേയ്ക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്.

1216 ഓഗസ്റ്റ് ഒന്നാം തീയതി പൊര്‍സ്യൂങ്കോളയില്‍ വച്ച് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് ക്രിസ്തു ദര്‍ശനം നല്കി. പരിശുദ്ധ അമ്മയും മാലാഖമാരും ആ നേരം ക്രിസ്തുവിനൊപ്പമുണ്ടായിരുന്നു. ഈ പാരമ്പര്യത്തില്‍ നി്ന്നാണ് സഭയില്‍ പൊര്‍സ്യൂങ്കോള തീര്‍ത്ഥാടനവും പൂര്‍ണ്ണദണ്ഡവിമോചനവും ആരംഭിച്ചത്.