ഒരു ക്രൈസ്തവവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയാണ് പുരോഹിതന്. മാമ്മോദീസാ മുതല്‍ ശവസംസ്കാരപ്രാര്‍ത്ഥനകള്‍ വരെ എത്രയെത്ര ഇടങ്ങളില്‍ ഒരു വൈദികന് അവന്റെ ജീവിതത്തില്‍ ഇടം നേടുന്നു. സന്തോഷങ്ങളില്‍ മംഗളമായും സങ്കടങ്ങളില്‍ ആശ്വാസമായും ഏതെങ്കിലുമൊക്കെ പുരോഹിതര്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളില്‍ അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലുമൊക്കെ പുരോഹിതരോട് കടപ്പെട്ടിട്ടുണ്ട് ഭൂരിപക്ഷത്തിന്റെയും ജീവിതങ്ങളും.
മുമ്പില്‍ വയ്ക്കപ്പെട്ട ജീവിതമാണ് പുരോഹിതന്റേത്. വിശ്വാസിയ്ക്കും ദൈവത്തിനും ഇടയിലുള്ള പാലമാണ് അവര്‍. ദൈവത്തിന് മുമ്പില്‍ വിശ്വാസിക്കുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ മുട്ടുകുത്തുന്നു. ആരാധനകള്‍ അര്‍പ്പിക്കുന്നു.
പുരോഹിതനെ കൂടാതെ ഒരു സഭാത്മകജീവിതം നയിക്കാന്‍ ആര്‍ക്കാണ് കഴിയുക? എന്നിട്ടും എവിടെയൊക്കെയാണ് നാം ഈ പുരോഹിതരെ തള്ളിപ്പറയുന്നത്. അധിക്ഷേപിക്കുന്നത്.. ഏതെങ്കിലുമൊരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍..ഏതെങ്കിലുമൊരു വ്യക്തിയുടെവൈകല്യത്തിന്റെ പേരില്‍..ഏതെങ്കിലുമൊരാളുടെ ഇടര്‍ച്ചകളെ പ്രതി…
എത്രയോ പേരുടെ നന്മകളെയാണ് ഒരു വരികൊണ്ടും ഒരു ദൃശ്യം കൊണ്ടും നാം മലിനപ്പെടുത്തുന്നത്. എത്രയോ വെളുത്ത പ്രതലങ്ങളെയാണ് നാം കരിങ്കോലമാക്കുന്നത്. പുരോഹിതരുടെ ഇടര്‍ച്ചകള്‍ക്ക് അവരെ പഴിചാരുകയും പരിഹസിക്കുകയും ചെയ്യുന്ന നാം തിരിച്ചറിയുന്നില്ലല്ലോ സ്വകാര്യതകളില്‍ അഴിഞ്ഞുവീഴുന്ന നമ്മുടെ മുഖംമൂടികളെക്കുറിച്ച്.. പരസ്യമാക്കപ്പെടാതെ പോകുന്ന നമ്മുടെയെല്ലാം രഹസ്യപാപങ്ങളെക്കുറിച്ച്..
അതൊന്നും ഓര്്ക്കാതെയാണ് നാം വിധിയെഴുതുന്നത്. ക്രിസ്തു അന്ന് പറഞ്ഞ ആ താക്കീത് പുരോഹിതരെ കല്ലെറിയുകയും പരിഹസിക്കുകയും ചെയ്യുന്നവര്ക്കുവേണ്ടികൂടിയുള്ളതാണ്. നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ.
നല്ല പുരോഹിതര്‍ സഭയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ കൂടി ആവശ്യമാണ്. സമൂഹത്തിന് മുഴുവന്‍ നന്മയുടെ സുഗന്ധം പരത്താന്‍ അവര്‍ക്ക് കഴിയും.
വന്ദ്യപുരോഹിതരേ നിങ്ങളില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നതും സത്യം. വരിയും വഴിയും ് തെറ്റുമ്പോള്‍ തിരുത്തുപറയാന് നിങ്ങള്‍ക്ക് കഴിയണമെങ്കില്‍ ഞങ്ങളെക്കാള്‍ നന്മയും വിശുദ്ധിയും നിങ്ങളുടെ ജീവിതത്തിലുണ്ടാകണമല്ലോ? നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്കും കടമയുണ്ടെന്നും ഏറ്റുപറയട്ടെ.
നാളിതുവരെ കൂദാശകളിലൂടെ, സൗഹൃദങ്ങളിലൂടെ, സ്നേഹത്തിലൂടെ, കൈത്താങ്ങലുകളിലൂടെ കടപ്പെട്ടിരിക്കുന്ന എല്ലാ പുരോഹിതരെയും ആദരപൂര്‍വ്വം വണങ്ങിക്കൊണ്ട്…