വൈദികര്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയെ അനുകരിക്കുക: ജയ്പ്പൂര്‍ ബിഷപ്

ജയ്പ്പൂര്‍: വൈദികര്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കുകയും വിശുദ്ധനെ അനുകരിക്കുകയും ചെയ്യണമെന്ന് ജയ്പ്പൂര്‍ ബിഷപ് ഓസ്വാള്‍ഡ് ലെവിസ്. വൈദിക ദിനത്തോട് അനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കെഴുതിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

വിശുദ്ധനില്‍ നിന്ന് പ്രചോദനം സ്വീകരിക്കുകയും അത് സ്വജീവിതത്തില്‍ നടപ്പിലാക്കുകയും വേണം. നമ്മുടെ ഹൃദയം വളരെ ചെറുതായ്ക കൊണ്ട് നമുക്ക് കുറച്ചു മാത്രമേ സ്‌നേഹിക്കാനും ക്ഷമിക്കാനും കഴിയുകയുള്ളൂ. എന്നാല്‍ നാം പ്രാര്‍ത്ഥനയില്‍ അടിയുറച്ച ജീവിതം നയിക്കുകയാണെങ്കില്‍ നമ്മുടെ ഹൃദയം വലുതാകുകയും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയുണ്ടാവുകയും ചെയ്യും.

നല്ല ഒരു വൈദികന്റെ രണ്ടാമത്തെ ഗുണം നല്ല ഇടയനായിരിക്കുക എന്നതാണ്. ആടുകളെ ഇടയന്‍ സന്ദര്‍ശിക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യണം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. അപ്പോഴാണ് വൈദികന്‍ യഥാര്‍ത്ഥത്തില്‍ നല്ല ഇടയനാകുന്നത്.

മൂന്നാമത് വൈദികര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട വിശുദ്ധിയാണ്.വീഞ്ഞും സ്ത്രീയും സമ്പത്തും പോലെയുള്ള പലതരം പ്രലോഭനങ്ങള്‍ വൈദികര്ക്ക് അഭിമുഖീകരിക്കേണ്ടിവരാം. ഇവയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക, പ്രലോഭനങ്ങളെ നേരിടാന്‍ ദൈവത്തിന്റെ സഹായം തേടുക. ബിഷപ് ഓര്‍മ്മിപ്പിച്ചു.