സ്‌നേഹമുള്ള ജീവിതമാണ് നേട്ടം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹമുള്ള ജീവിതം നേട്ടമായി നിലനില്ക്കുമെന്നും ജീവിതത്തിന്റെ അളവുകോല്‍ സ്‌നേഹമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ. മനുഷ്യജീവിതത്തിന്റെ നേട്ടങ്ങളും സമ്പാദ്യവും വിജയവുമെല്ലാം കടന്നുപോകും. പക്ഷേ സ്‌നേഹമുളള ജീവിതം മാത്രമായിരിക്കും നേട്ടമായി നിലനില്ക്കുന്നത്.

വളരെയധികം പ്രതിസന്ധികളിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും തകരുമ്പോള്‍ യേശു പകരുന്ന ആത്മധൈര്യം ദൈവസ്‌നേഹത്തിലേക്ക് ഹൃദയം തുറക്കാനാണ്. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിച്ചു ജീവിക്കാനാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. സഹോദരങ്ങളെ സ്‌നേഹിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനും സന്നദ്ധതയുള്ള ഹൃദയങ്ങളെ ദൈവം തുണയ്ക്കും. സഹോദരങ്ങളെ സ്‌നേഹിച്ചും പരിചരിച്ചും ജീവിക്കുന്നതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ജീവന്‍ ദാനമാകുന്നത് അത് ജീവിതപരിസരങ്ങളില്‍ അപരനുവേണ്ടി സമര്‍പ്പിക്കുമ്പോഴാണ്. വ്യവസ്ഥകളില്ലാതെയും ശങ്ക കൂടാതെയും സ്‌നേഹത്തോടെ സഹോദരങ്ങള്‍ക്കായി പ്രത്യുത്തരിക്കുന്നതാണ് യഥാര്‍ത്ഥസ്‌നേഹം. എല്ലാവരും ഉപേക്ഷിച്ചപ്പോഴും ക്രിസ്തുവിനെ പിന്താങ്ങിയ ദൈവം മാനുഷികയാതനയുടെ മധ്യത്തില്‍ നമ്മുടെയും പിതാവും ദൈവവും ആണെന്നും അവിടുന്ന് നമ്മെ പരിരക്ഷിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.