തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ബലിയര്‍പ്പിച്ചിരുന്ന വൈദികനെ അള്‍ത്താരയില്‍ നിന്ന് വിളിച്ചിറക്കി കേസെടുത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമാകുന്നു.
കെസിവൈഎം,സിഎല്‍സി എന്നിവയ്ക്ക് പിന്നാലെപ്രസ്തുത സംഭവത്തോട് പ്രതിഷേധിച്ച് സീറോ മലബാര്‍ കുടുംബകൂട്ടായ്മ സമിതിയും രംഗത്തെത്തി. വൈദികനെ അള്‍ത്താരയില്‍ നിന്ന് വിളിച്ചിറക്കി കേസെടുത്തത് ന്യായീകരിക്കാനാവാത്തതാണെന്നും പോലീസ് അധികാരികളെ ഇതിലേക്ക് നയിച്ച ചേതോവികാരം മതേതര രാജ്യത്തിന് തന്നെ തീരാകളങ്കമാണെന്നും സീറോ മലബാര്‍ കുടുംബകൂട്ടായ്മ സമിതി അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും നിയമവിധേയമായും നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനെതിരെ ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചായ്യോത്ത് ഇടവക വികാരി ഫാ. ലൂയി മരിയദാസിനെയാണ് പോലീസ് അള്‍ത്താരയില്‍ നിന്ന് വിളിച്ചിറക്കി കേസെടുത്തത്.