പിതൃ വാത്സല്യത്തോടെ കണ്ണീരണിയിച്ച് ഫ്രാൻസിസ് പാപ്പായുടെ പ്രത്രേക സന്ദേശം
” പ്രിയ സുഹൃത്തുക്കളെ പതിവിനു വിപരീതമായി ഈ സായഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നു വരുവാൻ ഉള്ള ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ എന്നെ അനുവദിക്കുകയാണെങ്കിൽ അൽപ സമയം എനിക്ക് നിങ്ങളോട് സംസാരിക്കണം എന്നുണ്ട്.
കൊറോണയെ അതിജീവിക്കുവാനായി സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഏകാന്തതയിൽ കൂടി കടന്നുപോകുന്ന ഈ ദിനങ്ങളിൽ നിങ്ങളുടെ ഭവനങ്ങളിൽ നിന്നും സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളുടെയും തങ്ങളുടെ ജീവിത ശൈലിയിലേക്ക് തിരിച്ചു പോകാനാവാതെ ബുദ്ധിമുട്ടുന്ന കൗമാരപ്രായക്കാരുടെയും ബഹളങ്ങൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്. എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് കൊറോണ ബാധിച്ചു രോഗശയ്യയിൽ ആയിരിക്കുന്നവരെയും ഈ പകർച്ചവ്യാധി ബാധിച്ച് മരണമടഞ്ഞ നിരവധി വ്യക്തികളെയും അവരുടെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവരെയും ഞാൻ എൻറെ ഹൃദയത്തിൽ വഹിക്കുന്നു. ഈ ദിവസങ്ങളിൽ എപ്പോഴും എൻറെ ഓർമ്മയിൽ കടന്നുവരുന്നത് ആരും തുണയില്ലാതെ വിഷമിക്കുന്ന വ്യക്തികളാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു യാഥാർത്ഥ്യത്തിലൂടെയാണ് അവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വൃദ്ധജനങ്ങൾ. അത് പോലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിലരാണ് രോഗികളായി ആശുപത്രികളിൽ കഴിയുന്നവരെ, ശ്രുശ്രുഷിക്കുന്ന അനേകം ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. യഥാർത്ഥത്തിൽ ഇവരാണ് ഈ കാലഘട്ടത്തിൻറെ ഹീറോകൾ.
ജോലി ചെയ്യാൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരങ്ങളെയും ഓർത്ത് ഞാൻ പ്രാർത്ഥിക്കുന്നു. വിവിധ ജയിലുകളിൽ കഴിയുന്ന സഹോദരങ്ങളെ ഓർത്തും പ്രാർത്ഥിക്കുന്നു. തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഓർത്തു അവർ അഴികൾക്കുള്ളിൽ വളരെ വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. തീർച്ചയായിട്ടും നമുക്ക് എല്ലാവർക്കും ഈ പകർച്ച വ്യാധിയുടെ ദിനങ്ങൾ വളരെ ബുദ്ധിമുട്ടു നിറഞ്ഞതാണ്. എത്ര കഠിനമാണ് ഈ ദിനങ്ങൾ എന്ന് പാപ്പായ്ക്ക് അറിയാം. ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത് . എന്റെ പ്രാർത്ഥനയും സ്നേഹവും നിങ്ങളെ സംരക്ഷിക്കട്ടെ. കഷ്ടതയുടെ ഈ കാലഘട്ടം വളരെ നന്നായി വിനയോഗം ചെയ്യാൻ നമുക്ക് പരിശ്രമിക്കാം. നമ്മൾ ഉദാര മനസ്ക്കർ ആയിരിക്കണം. പരസ്പര സഹായങ്ങൾ ചെയ്തുകൊടുക്കാൻ നമുക്ക് പരിശ്രമിക്കാം. ഫോൺ കോളുകൾ വഴിയും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചും ഏകാന്തതയിൽ കഴിയുന്നവരോട് സംസാരിക്കുവാനും ആശ്വസിപ്പിക്കുവാനും അവരെ ധൈര്യപ്പെടുത്തുവാനും നമുക്ക് പരിശ്രമിക്കാം.
ഇറ്റലിയിലും ലോകം മുഴുവനിലും കഷ്ടതയിൽ കൂടി കടന്നുപോകുന്ന എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നുചേർന്ന് പ്രാർത്ഥിക്കാം. നമ്മൾ ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്നേഹത്തിൻറെ കഴിവുകൾ ഉപയോഗിച്ച്, ആത്മീയ സാന്നിധ്യം കൊണ്ട് നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. ഇതു ഇന്നിന്റെ ആവശ്യകതയാണ്. വിശുദ്ധ വാരം ആരംഭിക്കുകയാണ്. സുവിശേഷത്തിലെ സന്ദേശം നമുക്ക് കാണിച്ചുതരുന്നത്, മനുഷ്യ വംശത്തോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹമാണ്. നമ്മുടെ നഗരങ്ങളിൽ തളംകെട്ടിനിൽക്കുന്ന മൗനത്തിൽ ഉയിർപ്പിന്റെ സന്ദേശം വീണ്ടും മുഴങ്ങി കേൾക്കും. വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്തു മരിച്ചത് നാം എല്ലാവർക്കും വേണ്ടിയാണ്, കാരണം ക്രിസ്തുവിൽ ജീവിക്കുന്ന ഏതൊരുവനും അവരവർക്കു വേണ്ടിയല്ല ജീവിക്കുന്നത്. ക്രിസ്തു ഉയർത്തെഴുന്നേറ്റു – ജീവൻ മരണത്തെ തോൽപ്പിച്ചു. ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം പ്രത്യാശയെ വളർത്തുന്നു. ഈ സായ്ഹ്നത്തിൽ നിങ്ങൾക്ക് ആശംസിക്കുവാൻ ആഗ്രഹിക്കുന്നത്, ഒരു നല്ലകാലം എത്രയും വേഗം കർത്താവ് നമുക്ക് തരട്ടെ എന്നാണ്. എത്രയും വേഗം ഈ പകർച്ച വ്യാധിയിൽ നിന്ന് നമ്മൾ മുക്തരാകട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.
ഏതാനും നിമിഷം എന്നെ നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിപ്പിക്കാൻ അനുവാദം തന്നതിനും എന്റെ വാക്കുകൾ ശ്രവിക്കാൻ നിങ്ങൾ കാട്ടിയ നല്ല മനസ്സിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. സഹനത്തിൽ കൂടി കടന്നു പോകുന്ന വ്യക്തികളോട് സ്നേഹത്തോടെ പെരുമാറുക. പ്രത്യേകിച്ച് കുട്ടികളോടും പ്രായമായവരോടും പറയുക, ഫ്രാൻസിസ് പാപ്പാ നിങ്ങളോടൊപ്പമുണ്ട് എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും. എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മറക്കരുത്. ഒരു നല്ല അത്താഴം ആശംസിച്ചുകൊണ്ട് ഞാൻ നിർത്തുന്നു. വീണ്ടും കാണാം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…”