ഭൂതോച്ചാടനം വിശുദ്ധം: ഫാ. ഫ്രാന്‍സിസ്‌ക്കോ ബാമോന്റെ

റോം: സഭയിലെ വിവിധ ശുശ്രൂഷകളില്‍ ഒന്നാണ് ഭൂതോച്ചാടനമെന്നും അതിനെ ഭയക്കേണ്ടതില്ലെന്നും സഭയുടെ അനുവാദത്തോടെയാണ് അത് നിര്‍വഹിക്കപ്പെടുന്നതെന്നും ഫാ. ഫ്രാന്‍സെസ്‌ക്കോ ബാമോന്റെ. റോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സിന്റെ പ്രസിഡന്റാണ് ഇദ്ദേഹം. എന്നാല്‍ ഭൂതോച്ചാടനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ പരന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ഭൂതോച്ചാടനത്തെക്കുറിച്ചുള്ള ആധികാരികമായ ഗ്രന്ഥം പുറത്തിറക്കുന്നത്. വത്തിക്കാന്റെ അനുമതിയോടെയാണ് പുസ്തകം പുറത്തിറക്കുന്നത്. ഭൂതോച്ചാടകര്‍ക്കും അവരുടെ സഹായികള്‍ക്കും സഹായകരമായ വിധത്തിലാണ് പുസ്തകം. ഭൂതോച്ചാടകരായ ലോകമെങ്ങുമുള്ള എണ്ണൂറോളം അംഗങ്ങള്‍ക്കു വേണ്ടി സ്വകാര്യാവശ്യത്തിനായിട്ടാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 300 പേജുണ്ട് പുസ്തകത്തിന്.

എന്നാല്‍ പുസ്തകം പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാകണമെന്ന് നിരവധി വൈദികരും മെത്രാന്മാരും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ഇറ്റാലിയനില്‍ ഇറങ്ങിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തിറക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വത്തിക്കാന്‌റെ അംഗീകാരത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങും.

ഇതോടെ പൊതുജനങ്ങള്‍ക്കിടയിലുള്ള ഭൂതോച്ചാടനത്തെക്കുറിച്ചുള്ള തെറ്റായ പല ധാരണകളും നീങ്ങിക്കിട്ടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

സെമിനാരി പരിശീലനകാലഘട്ടത്തില്‍ സെമിനാരിവിദ്യാര്‍ത്ഥികള്‍ ഭൂതോച്ചാടകരായ വൈദികരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് നല്ലതാണെന്നും ഫാ. ഫ്രാന്‍സിസ്‌ക്കെ അഭിപ്രായപ്പെട്ടു. ഭൂതോച്ചാടകനായ വൈദികന്‍ ഒരു സൂപ്പര്‍മാനോ മജീഷ്യനോ അല്ല. അദ്ദേഹം ഒരു സാധാ വൈദികനാണ്. ക്രിസ്തുവിന്റെയും അവിടുത്തെ സഭയുടെയും ശുശ്രൂഷകന്‍ മാത്രമാണ്. അച്ചന്‍ പറയുന്നു.