വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊറോണ വൈറസ് വാക്‌സിന്‍ നല്കുന്നതില്‍ സമ്പന്നര്‍ക്ക് പ്രത്യേക മുന്‍ഗണന പാടില്ല. ഒരു രാജ്യത്തിനോ വേറൊരു രാജ്യത്തിനോ എന്നും വേര്‍തിരിവ് പാടില്ല. അത്തരം കാര്യങ്ങള്‍ ദു:ഖമുളവാക്കുന്നവയാണ്. ലോകം മുഴുവനുമുളള രാജ്യത്തിലെ എല്ലാവര്‍ക്കും എന്ന രീതിയിലായിരിക്കണം കാര്യങ്ങള്‍.
അപ്പസ്‌തോലിക് പാലസിന്റെ ലൈബ്രറിയില്‍ നിന്ന് പൊതുദര്‍ശനം നല്കുന്ന വേളയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് സോഷ്യല്‍ ടീച്ചിംങിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയില്‍ മൂന്നാമത് ഭാഗമായിരുന്നു ഇന്നലെത്തേത്. പ്രഭാഷണത്തിന് മുമ്പ് വിശുദ്ധ ഗ്രന്ഥത്തിലെ 2 കൊറീ 8:9 ഭാഗം പാപ്പ വായിച്ചു.
ഭൗതികമായ സഹായം നല്കുന്നതില്‍ മാത്രം ദരിദ്രര്‍ക്കുള്ള സേവനം പരിമിതപ്പെടുത്തരുതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. അവര്‍ക്കൊപ്പം ഒരുമിച്ചു നടക്കുക, അവരെ സുവിശേഷവല്‍ക്കരിക്കുക, അനാരോഗ്യകരമായ സാമൂഹ്യഘടനയിലാണ് അവര്‍ കഴിയുന്നതെങ്കില്‍ അവരെ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുക. അവരുടെ സൗഖ്യത്തിന് വേണ്ടി നാമൊരുമിച്ച് പ്രവര്‍ത്തിക്കണം, അവരെ മാറ്റിയെടുക്കണം.. പാപ്പ പറഞ്ഞു.