ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ പുരോഹിതനായ അഭിഭാഷകനാണ് ഫാ. പിഡി മാത്യു. ഈശോസഭാംഗമായ ഇദ്ദേഹം തന്റെ പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി അടുത്തയിടെയാണ് ആഘോഷിച്ചത്.
നിയമസഹായത്തിലൂടെ അനേകരുടെ ജീവിതങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്കാന് അച്ചന് കഴിഞ്ഞിട്ടുണ്ട്. കെമസ്ട്രി ഐച്ഛികവിഷയമായെടുത്ത് ഈശോസഭയുടെ അഹമ്മദാബാദ് കോളജില്‍ അധ്യാപകനായി നിയോഗിക്കാനായിരുന്നു അധികാരികളുടെ താല്പര്യം. 1960 കളിലായിരുന്നു അത്. അന്ന് അദ്ദേഹം വൈദികപരിശീലനത്തിലേര്പ്പെട്ടിരിക്കുകയായിരുന്നു. ഗുജറാത്തിലെ ഭാരൂച് ജില്ലയിലെ ഗോത്രവര്ഗ്ഗക്കാരുടെയിടയിലായിരുന്നു അന്ന് സേവനം ചെയ്തിരുന്നത്.
പണവും പ്രതാപവുമുള്ളവരുടെ കീഴില്‍ ദരിദ്രര്‍ ഞെരിഞ്ഞമരുന്നതിന്റെ അനുഭവങ്ങള്‍ക്ക് സാക്ഷിയായപ്പോള്‍ മുതല്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്ന തോന്നല്‍ ശക്തമായിതുടങ്ങി. ആ തോന്നലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ നാടകീയമായി തിരിച്ചുവിട്ടത്.
ഒരു വൈദികനെന്ന നിലയില്‍ അവരുടെ നിലവിളികളോട് ക്രിയാത്മകമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും നീതി അവര്‍ക്ക് ലഭ്യമാക്കേണ്ടതും എന്റെ കടമയാണെന്നും.. അദ്ദേഹം പറഞ്ഞു. ഒരു അഭിഭാഷകനായാല്‍ അവരുടെ ജീവിതങ്ങള്‍ക്ക് താന്‍ കൂടുതല്‍ ഉപകാരിയായേക്കുമെന്ന് അദ്ദേഹത്തിന് തോന്നി.
അങ്ങനെയാണ് ഫാ. പിഡി മാത്യു നിയമപഠനം ആരംഭിച്ചത്. എന്നാല്‍ അത്തരമൊരു അവസരം കി്ട്ടുന്നതിന് അധികാരികളുടെ മുമ്പില്‍ ഏറെക്കാലം കാത്തിരിക്കേണ്ടിയും വന്നു അച്ചന്. ഗോള്‍ഡ് മെഡലോടെയാണ് എല്‍എല്‍ബി പാസായത്. എല്‍എല്‍എം ഡിഗ്രിയെടുത്താല്‍ യൂണിവേഴ്സിറ്റിയിലെ ലോ ഫാക്കല്‍റ്റിയായി പഠിപ്പിക്കാന്‍ കഴിയുമായിരുന്നു. ആ രീതിയിലുള്ള നിര്‍ദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. എങ്കിലും അതല്ല തന്റെ വഴിയെന്ന് അച്ചന് ഉറപ്പുണ്ടായിരുന്നു.ദരിദ്രരായ ഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടി ജീവിക്കുക. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുക. മനുഷ്യമഹത്വത്തെ ആദരിക്കുന്ന ഒരു ജീവിതം അവര്‍ക്ക് നേടിക്കൊടുക്കുക. ഇതിനായുള്ള ശ്രമമായിരുന്നു പിന്നീട്.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുന്നതിനായി അദ്ദേഹം പിന്നീട് ലീഗല്‍ സെല്‍ രൂപീകരിച്ചു. അഭിഭാഷകനായി പിന്നിട്ട മുപ്പതുവര്‍ഷക്കാലം തന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷപ്രദമായിരുന്നുവെന്ന് അച്ചന് സാക്ഷ്യപ്പെടുത്തുന്നു.