മാലാഖമാരെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ന ിങ്ങളോട് പറയുന്നു. (മത്താ18:10)

നമുക്കെല്ലാവര്‍ക്കും ഓരോ കാവല്‍മാലാഖമാരുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഈ കാവല്‍മാലാഖമാരുടെ കടമകളെക്കുറിച്ച് നമ്മില്‍ ഭൂരിപക്ഷത്തിനും വേണ്ടത്ര അറിവില്ലെന്ന് തോന്നുന്നു.. തിരുവചനങ്ങളില്‍ നിന്ന് നമുക്ക് മാലാഖമാരെക്കുറിച്ച് കിട്ടുന്ന അറിവ് കാവല്‍മാലാഖമാര്‍ നമ്മെയും സ്ഥാപനങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുന്നു എന്നാണ്.

നമ്മെ ആത്മീയവും ഭൗതികവുമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് കാവല്‍മാലാഖമാരുടെ ഒരു ദൗത്യം. കാവല്‍മാലാഖമാര്‍ ചിന്തകളിലൂടെയും പ്രതീകങ്ങളിലൂടെയും വികാരങ്ങളിലൂടെയും നമ്മോട് ആശയവിനിമയം പുലര്‍ത്തുന്നുണ്ട്. കാവല്‍മാലാഖമാര്‍ തുടര്‍ച്ചയായി നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. കാവല്‍മാലാഖമാര്‍ നമ്മുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നവരാണ്.

നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് സങ്കീര്‍ത്തനങ്ങളില്‍ നാം വായിക്കുന്നുണ്ടല്ലോ. അതുപോലെ ഇസ്രായേല്‍ ജനതയെ നയിക്കാന്‍ നിയുക്തനായ മോശയോട് കര്‍ത്താവ് പറയുന്നത് നിനക്ക് മുമ്പേ ഞാന്‍ എന്റെ മാലാഖയെ അയ്ക്കും എന്നുമാണല്ലോ.

കാവല്‍മാലാഖമാര്‍ നമ്മെ വഴിനയിക്കും. നമുക്ക് വഴികാണിച്ചുതരും. അവരുടെ സ്വരം കേള്‍ക്കാന്‍ കാതുകൊടുത്താല്‍ മാത്രം മതി. നാം സുരക്ഷിതരായിരിക്കും.