ഇവര്‍ അസാധ്യകാര്യങ്ങളുടെ വിശുദ്ധര്‍

ജീവിതത്തില്‍ വിവിധ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാവിഷയവുമായി വിശുദ്ധരെ സമീപിക്കാത്തവര്‍ നമുക്കിടയില്‍ വളരെ കുറവായിരിക്കും. ഓരോ വിശുദ്ധരെയും പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയാണ് കത്തോലിക്കാ സഭ വണങ്ങുന്നത്. വിശുദ്ധരുടെ കൂട്ടായ്മ സഭ തന്നെയാണ്. വിശുദ്ധരുടെ കൂട്ടായ്മയില്‍ വിശ്വസിക്കുന്നുവെന്ന് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും ചെയ്യുന്നുണ്ടല്ലോ?
അസാധ്യകാര്യങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ക്കായി സഭ വണങ്ങുന്ന ഏതാനും വിശുദ്ധരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കാസിയായിലെ വിശുദ്ധ റീത്തയാണ് അതിലൊരാള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു റീത്ത. പ്ലേഗ് ബാധയുടെ കാലത്താണ് റീത്തായുടെ മാധ്യസ്ഥ ശക്തി വിശ്വാസികള്‍ തിരിച്ചറിഞ്ഞത്. ഈ കൊറോണകാലത്ത് നമുക്ക് ആശ്രയം തേടാവുന്ന ഒരു വിശുദ്ധയാണ് റീത്ത.

യൂദാശ്ലീഹാ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വിശുദ്ധനാണ്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ എന്നാണ് യുദാശ്ലീഹായെ വിശേഷിപ്പിക്കുന്നത്. ഒറ്റുകാരന്‍ യൂദായുടെ പേരില്‍ ഏറെക്കാലം വിസ്മരിക്കപ്പെട്ടുപോയിരുന്ന വിശുദ്ധന്‍ കൂടിയായിരുന്നു യുദാ.

വിശുദ്ധ ഫിലോമിന മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയായിരുന്നു. രക്തസാക്ഷിയായിരുന്നു ഫിലോമിന. ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വിശുദ്ധയുടെ കബറിടം പോലും കണ്ടെത്തിയത്.

വിശുദ്ധ ഗ്രിഗറിയാണ് മറ്റൊരു അത്ഭുതപ്രവര്‍ത്തകന്‍. പൗരസ്ത്യസഭയിലാണ് ഈ വിശുദ്ധന്‍ ഏറെ പ്രശസ്തന്‍. പാദുവായിലെ വിശുദ്ധ അന്തോനീസിനെയും അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വണങ്ങുന്നത്.