പരിശുദ്ധ മറിയത്തോടുള്ള ഭക്തി കൈകാര്യം ചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ കരുതലോടെയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ഭക്തി കൈകാര്യം ചെയ്യുന്ന സ്വതന്ത്ര അധികാരകേന്ദ്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ കരുതലോടെയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്റ് മോണ്‍. സ്‌റ്റെഫനോ ചെക്കീന് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. മരിയഭക്തിയുടെ വിശ്വാസപൈതൃകം സമൂഹത്തിന്റെ നവമായ സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി അതിന്റെ മൗലിക സ്വഭാവത്തില്‍ സംരക്ഷിക്കപ്പെടുകയും സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടുപോകുകയും വേണം.

ലോകത്ത് മരിയഭക്തി പ്രോത്സാഹിപ്പിക്കുക, അതിന്റെ ദൈവശാസ്ത്രപരമായ കൃത്യത നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ 1946 ലാണ് കാര്‍ലോ ബാലിക് എന്ന കപ്പൂച്ചിന്‍ വൈദികനാണ് മരിയന്‍ പൊന്തിഫിക്കല്‍ അക്കാദമി ആരംഭിച്ചത്.