വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഈ വ്യാപനകാലത്ത് മദര്‍ തെരേസയുടെ ജീവിതം നമ്മെ വല്ലാതെ പ്രചോദിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പ. താന്‍ കണ്ട ഒരു ഫോട്ടോയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. താമസിക്കാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ പാര്‍ക്കിംങ് ഏരിയായില്‍ കിടന്നുറങ്ങുന്ന ഒരാളുടെ ചിത്രമായിരുന്നു അത്. നമ്മുടെ ഉള്ളില്‍ ഇവരോടുള്ള അടുപ്പം ഉണര്‍ത്തുന്നതിന് നാം കല്‍ക്കട്ടയിലെ തെരേസയോട് ചോദിക്കണം. ദൈവം അബ്രഹാമിന് നല്കിയ ഉടമ്പടിയെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു.
ദൈവം തന്റെ ഉടമ്പടി ഒരിക്കലും മറക്കുകയില്ല. ദൈവം മറക്കുന്നത് നമ്മുടെ പാപങ്ങള്‍ മാത്രമേയുള്ളൂ. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകഴിയുമ്പോള് ദൈവം അത് മറക്കുന്നു. പാപത്തിന്റെ കാര്യമല്ലാതെ മറ്റൊരു കാര്യത്തിലും ദൈവത്തിന് മറവിയില്ല. അബ്രാഹവുമായുള്ള ബന്ധത്തില്‍ മൂന്നുതരം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന്. ദൈവം അബ്രാഹത്തെതിരഞ്ഞെടുത്തു. രണ്ട് അവിടുന്ന് അബ്രാഹത്തിന് വാഗ്ദാനം നല്കി. മൂന്ന് അബ്രാഹവുമായി ഉടമ്പടി സ്ഥാപിച്ചു. തിരഞ്ഞെടുപ്പും വാഗ്ദാനവും ഉടമ്പടിയും ക്രിസ്തീയ ജീവിതത്തിന്റെ മൂന്നു മാനങ്ങളാണിവ.
നമ്മള് ക്രൈസ്തവരാണ്. കാരണം നാം തിരഞ്ഞെടുക്കപ്പെട്ടവരാണ്. തിരഞ്ഞെടുപ്പില്‍ വാഗ്ദാനമുണ്ട്. അവിടെ പ്രത്യാശയുണ്ട്, ഫലദായകത്വമുണ്ട്. പാപ്പ പറഞ്ഞു.