പലരും നാളെയെക്കുറിച്ചുള്ള ആകുലതകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്നവരാണ്. പ്രത്യേകിച്ച് കോവിഡ് പോലെത്തെ പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത്. നാളെ രോഗം വരുമോ…നാളെ ജോലിയുണ്ടാകുമോ..നാളെ പ്രിയപ്പെട്ടവര്‍ക്ക് ആരെങ്കിലും രോഗമുണ്ടാകുമോ.. അവര്‍ മരിച്ചുപോകുമോ.. അപകടം ഉണ്ടാകുമോ..പരീക്ഷയില്‍ ജയിക്കുമോ..ജോലികിട്ടുമോ..വിവാഹം നടക്കുമോ. കുട്ടികളുണ്ടാകുമോ..ഇങ്ങനെ എത്രയോ എത്രയോ വിഷയങ്ങളോര്‍ത്താണ് നാം പലരും വിഷമിക്കുന്നത്. ഉത്കണ്ഠപ്പെടുന്നത്
എപ്പോഴും നാളെ അഭിമുഖീകരിക്കുന്ന വിഷയത്തെപ്രതിയാണ് നമ്മുടെ ടെന്‍ഷനുകള്‍. നാളെ എന്തുസംഭവിക്കുമെന്ന് ഒരിക്കലും നമുക്ക് ഉറപ്പായി പറയാന്‍ കഴിയില്ല. ഒരു പക്ഷേ നാം വിചാരിക്കുന്നതിനെക്കാള്‍ നല്ലരീതിയിലായിരിക്കും നാളെ സംഭവിക്കുന്നത്. എന്നിട്ടും നാം ഭയപ്പെടും മോശമായിരിക്കും സംഭവിക്കുകയെന്നത്.
ഇത്തരം ചിന്താഗതികളെ, ഉത്കണ്ഠകളെ നമുക്കെങ്ങനെയാണ് ക്രിസ്തീയമായിനേരിടാന്‍ കഴിയുന്നത്? വിശുദ്ധ ഗ്രന്ഥം നമുക്ക് ഇതേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്കുന്നുണ്ട്. നാളെയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെടരുത് എന്നാണല്ലോ വിശുദ്ധ മത്താ 6: 33-34 പറയുന്നത്. ഈ നിമിഷം ജീവിക്കുകയും ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കുന്നത്.
ഇന്നേ ദിവസം നാം ജീവിക്കുന്നില്ലെങ്കില്‍ നാളെയും നമുക്ക് നല്ലതുപോലെ ജീവിക്കാന്‍ കഴിയില്ല. എത്രവലിയ ഭാരമാണ് നാം ചുമക്കുന്നതെങ്കിലും അത് നിശ്ചിതസമയം കഴിഞ്ഞ് നാം ഇറക്കിവയ്‌ക്കേ്ണ്ടിവരും. അത്രയുമേയുള്ളൂ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും.
നാം ഇന്നിനെ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് ജീവിതത്തെ ആസ്വദിക്കാന്‍ കഴിയും.
ഇന്നത്തെ കടമകള്‍ നല്ലതുപോലെ നിര്‍വഹിക്കുക.
ഇന്ന് സ്‌നേഹിക്കാനുള്ളവരെ സ്‌നേഹിക്കുക.. ഇന്ന് ചെയ്യേണ്ട ജോലികള്‍ തന്നാലാവുന്നവിധം ചെയ്യുക. ഇന്ന് സഹായിക്കേണ്ടവരെ ഇന്ന്‌സഹായിക്കുക.
സര്‍വ്വോപരി ദൈവത്തില്‍ വിശ്വസിക്കുക. ദൈവത്തില്‍ ശരണം വയ്ക്കുക. ദൈവത്തോട് പ്രാര്‍ത്ഥിക്കുക. നമുക്ക് ഈ ജീവിതം ഏറെ സന്തോഷകരമായ അനുഭവമായി മാറും. തീര്‍ച്ച.